പുളിങ്കുന്ന് എസ്ഐ സജികുമാർ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പുളിങ്കുന്ന്: കുട്ടനാടിന്റെ ഹൃദയഭാഗത്ത് പമ്പയാറിൻ തീരത്ത് തലയുർത്തി നിൽക്കുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അനേകം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദിയിലേക്ക്. സ്കൂൾ സ്ഥാപക പിതാവ് മോൺ. സഖറിയാസ് വാച്ചാപറമ്പിലിന്റെ ഫൊറോന പള്ളിയിലെ കബറിടത്തിങ്കൽനിന്ന് വികാരി റവ.ഡോ. റ്റോം പുത്തൻകളം ദീപശിഖ തെളിച്ച് സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് സിഎംസി, സ്കൂൾ ചെയർപേഴ്സൺ ടെസ് മരിയ മാർട്ടിൻ എന്നിവർക്ക് നല്കി.
സ്കൂൾ പാർലമെന്റ് മെമ്പേഴ്സ്, ഗൈഡിംഗ്, റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ക്ലബ് ലീഡേഴ്സ് എന്നിവരോടൊപ്പം പ്രയാണം സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ഹെഡ്മിസ്ട്രസ് ആശ സെബാസ്റ്റ്യൻ ദീപശിഖ ഏറ്റുവാങ്ങി.
തുടർന്ന് പുളിങ്കുന്നിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യൻ ആശ്രമാധിപൻ ഫാ. ജോസ് കോനാട്ട് സിഎംഐ, പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ പ്രീത മാത്യു, പിടിഎ പ്രസിഡന്റ് വിനോദ് വി. എന്നിവർ പ്രസംഗിച്ചു.
ശതാബ്ദി വിളംബര ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ സ്വീകരണങ്ങൾ നല്കി. ജംങ്കാർ ജംഗ്ഷനിൽ പുളിങ്കുന്ന് ഫൊറോനാ അസി. വികാരി ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുളിങ്കുന്ന് എസ്ഐ സജികുമാർ ശതാബ്ദി വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 100-ാം വാർഷികാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നൂറു ബലൂണുകൾ പ്രതീകാത്മകമായി ആകാശത്തിലേക്ക് പറത്തി. വർണാഭമായ ശതാബ്ദി ഘോഷയാത്ര സ്കൂളങ്കണത്തിൽ അവസാനിച്ചു.