പുൽപ്പള്ളി: പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കർഷകർക്ക് ഭീഷണിയാകുന്ന മുഴുവൻ കാട്ടുപന്നികളെയും കൊന്നൊടുക്കാൻ പുൽപ്പള്ളി പഞ്ചായത്ത് ജനജാഗ്രത സമിതി തീരുമാനിച്ചു.
കാർഷിക വിളകൾക്ക് മാത്രമല്ല ജീവനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ജനജാഗ്രത സമിതി തീരുമാനിച്ചത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
10 പേരടങ്ങിയ ഷൂട്ടേഴ്സ് പാനൽ അംഗങ്ങൾ, പിആർടി ടീമുകൾ, ഓഫ് റോഡേഴ്സ് പങ്കെടുത്തു. ഷൂട്ടേഴ്സ് പാനലിൽ അടങ്ങിയ അംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഐഡി കാർഡുകൾ നൽകി.
16ന് പാനലിലെ എല്ലാ അംഗങ്ങളും കാട്ടുപന്നിയെ വെടിവയ്ക്കുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത് ഇറങ്ങാൻ തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിലുള്ള കാടുമുടി കിടക്കുന്ന കൃഷിഭൂമിയുടെ ഉടമകൾക്ക് നോട്ടീസ് നൽകുകയും തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ഹാംഗിംഗ് ഫെൻസിംഗ് സംരക്ഷണവും ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, റേഞ്ച് ഓഫീസർ രാജീവ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ നികേഷ്, അബ്ദുൾ ഗഫൂർ, ഡോ. കെ.എസ്. പ്രേമൻ എന്നിവർ പ്രസംഗിച്ചു.
Tags : nattru vishesham Pulpally Panchayat