മേപ്പാടി പുത്തുമല പുനരധിവാസ ഭൂമിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞപ്പോൾ.
മേപ്പാടി: പുത്തുമല പുനരധിവാസ ഭൂമിയിൽ പുറമെ നിന്നുള്ള മറ്റ് 22 കുടുംബങ്ങൾക്കു കൂടി വീട് നിർമിച്ച് താമസിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിൽ പ്രതിഷേധം. മണ്ണ് നീക്കം ചെയ്യാനെത്തിയ വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് പ്രദേശത്തെ താമസക്കാരായ കുടംബങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മേപ്പാടി മുക്കിൽപ്പീടികയിൽ സ്വകാര്യ ട്രസ്റ്റ് സൗജന്യമായി നൽകിയ ഏഴ് ഏക്കർ സ്ഥലത്താണ് ഹർഷം എന്ന പേരിൽ പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങൾ, അങ്കണവാടി, ആരോഗ്യ കേന്ദ്രം, സാംസ്കാരിക നിലയം തുടങ്ങിയവ ആരംഭിക്കുന്നതിന് നീക്കിവച്ച രണ്ട് ഏക്കർ സ്ഥലത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ട പുറമെ നിന്നുള്ള 22 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന്റെ ഭാഗമായാണ് മണ്ണ് നീക്കം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനുവേണ്ടി എത്തിച്ച ഹിറ്റാച്ചി, ടിപ്പർ ലോറികൾ എന്നിവയാണ് പ്രദേശത്തുള്ളവർ തടഞ്ഞത്.
2019ൽ നടന്ന പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് മേപ്പാടി മുക്കിൽപ്പീടികയിലെ ഭൂമിയിൽ 52 വീടുകളാണ് നിർമിച്ചത്. ഏഴ് ലക്ഷം രൂപ ചെലവ് വന്ന വീടുകളുടെ നിർമാണത്തിന് നാല് ലക്ഷം വീതമാണ് സർക്കാർ നൽകിയത്. അധികംവന്ന തുക സന്നദ്ധ സംഘടനകളാണ് വഹിച്ചത്. നിർമാണത്തിലെ അശാസ്ത്രീയത മൂലം വീടുകൾ ചോർന്നൊലിക്കുന്നു എന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു.
എട്ട് വർഷം പിന്നിട്ടിട്ടും ടൗണ്ഷിപ്പിന്റെ ഭാഗമായ സൗകര്യങ്ങളൊന്നും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. അത് പൂർത്തീകരിക്കാതെ മറ്റൊരു ഭവന പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പ്രതിഷേധത്തെത്തുടർന്ന് മണ്ണ് നീക്കൽ താത്കാലികമായി നിർത്തിവച്ചു.
Tags : Local News Nattuvishesham Wayanad