ക്ഷേത്രപരിസരത്ത് തന്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ. ഇതിൽ പേവിഷബാധയുള്ള നായയും ഉൾപ്പെടുന്നു.
ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് അഞ്ചു പേരെ കടിച്ച പേവിഷബാധയുള്ള തെരുവുനായെ പിടികൂടി. തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനിടെ ഹരിപ്പാട് ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീക്കും കടിയേറ്റിട്ടുണ്ട്. ഹരിപ്പാട്ടെ ലോട്ടറിക്കച്ചവടക്കാരൻ ഉൾപ്പെടെ മറ്റു മുന്നു പേരെയും നായ കടിച്ചു . ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടും. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ഇതിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് ആറോളം തെരുവുനായ്ക്കൾ നഗരസഭയുടെ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് തെരുവുനായ മനുഷ്യനെ അക്രമിക്കാൻ തുടങ്ങിയത്. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വൂ ടിം അംഗം ചാർളി ഏബ്രഹാം വലയിൽ കുടുക്കിയ തെരുവുനായ രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പേവിഷബാധയെന്നു സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കുത്തിവയ്പു നൽകിയ നായയെ ക്ഷേത്രത്തിനു പിന്നിലെ പ്രത്യേക സ്ഥലത്ത് ബന്ധിച്ചു.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ ഏകദേശം പത്തിലധികം നായ്ക്കൾ വസിക്കുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന ചിലർ ഇതിന് ആഹാരസാധനങ്ങൾ നൽകുന്നതു കാരണം നായ്ക്കൾ ഇവിടെത്തന്നെ തമ്പടിക്കുകയാണ്. ഭക്തജനങ്ങളെ കടിച്ച നായയെ പിടികൂടുന്നതിനായി ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നഗരസഭയ്ക്കു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ എച്ച്ഐ മോഹൻകുമാർ, വൈസ് ചെയർമാൻ എം.ബി. അനിൽ മിത്ര, കൗൺസിലർ ഷിബു പഞ്ചവടി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പീയൂഷ് കലവറ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ പിടിക്കാനുള്ള നടപടി ആരംഭിച്ചത്.
ക്ഷേത്രത്തിലെത്തുന്നവരും വഴിയാത്രക്കാരും തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്നും അവശേഷിക്കുന്ന നായ്ക്കളെ പിടികൂടാനുള്ള അടിയന്തര നടപടി ഉടൻ ഉണ്ടാകുമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
Tags : street dog nattuvishesham local news