ഇരിട്ടി നഗരസഭയിൽ മഹല്ല് ഭാരവാഹികളുടെ യോഗത്തിൽ നഗരസഭാധ്യക്ഷൻ വി. വിനോദ്കുമാർ ഹരിത നിയമാവലി പ്രകാശനം ചെയ്യുന്നു.
ഇരിട്ടി: റംസാൻ നോമ്പിനോടനുബന്ധിച്ചുള്ള ഇഫ്താർ ചടങ്ങുകളിൽ ശരിയായ മാലിന്യ സംസ്കരണ രീതി ഉറപ്പാക്കാൻ മഹല്ല് ഭാരവാഹികളുടെ യോഗത്തിൽ തീരുമാനം. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കണം. മാലിന്യങ്ങൾ ഉറവിട സ്ഥലത്തു തന്നെ ശാസ്ത്രീയമായി സംസ്കരിക്കണം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നോമ്പുതുറ സ്ഥലങ്ങൾ സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്യും. ഹരിത നിയമാവലി പൂർണമായും പാലിക്കണം.
നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. ശുദ്ധജലം ഉറപ്പുവരുത്തണം, ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് വേണം. കുടിവെള്ള പരിശോധന നടത്തണം. എല്ലാ നോമ്പുതുറ പരിപാടികളും നഗരസഭയിൽ അറിയിപ്പ് നൽകി സാക്ഷ്യപത്രം കൈപ്പറ്റി മാത്രം നടത്തണമെന്നും നിർദേശിച്ചു. പരിശോധനയ്ക്കായി ഹെൽത്ത് സ്ക്വാഡിനെയും ചുമതലപ്പെടുത്തി. ചടങ്ങിൽ ഹരിത നിയമാവലി പ്രകാശനം ചെയ്തു.
ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ. സോയ, സ്ഥിരം സമിതി അധ്യക്ഷൻ ആർ.കെ. ഷൈജു, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.