മലന്പുഴ: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ റീ ടാറിംഗ് പൂർത്തിയായ എട്ട് റോഡുകൾ സഞ്ചാരയോഗ്യമായി. മരുതറോഡ്, കൊടുന്പ്, പുതുശേരി, മലന്പുഴ, പുതുപ്പരിയാരം, അകത്തേത്തറ എന്നീ പഞ്ചായത്തുകളിലെ റോഡുകളാണ് സഞ്ചാരയോഗ്യമാക്കിയത്. ജനറൽ ഫണ്ട്, ഫിനാൻഷ്യൽ കമ്മീഷൻ ഗ്രാൻഡ്, എസ് സി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ജനറൽ ഫണ്ടിൽനിന്നും 12 ലക്ഷം രൂപ വകയിരുത്തി മലന്പുഴ കവിത റോഡ്, 7.76 ലക്ഷത്തിൽ പുതുപ്പരിയാരം അശ്വതി റോഡ്, 7.70 ലക്ഷം രൂപയിൽ അകത്തേത്തറ ശാസ്താനഗർ ചെറാട് റോഡ്, ഏഴ് ലക്ഷത്തിൽ മരുതറോഡ് കണ്ടാത്ത്പാറ വിന്റേജ് നഗർ റോഡ്, ഫിനാൻഷ്യൽ കമ്മീഷൻ ഗ്രാൻഡിൽ 7.80 ലക്ഷം രൂപ ചിലവഴിച്ച് കൊടുന്പ് എകെജി നഗർ റോഡ്, 7.70 ലക്ഷത്തിൽ അട്ടംപള്ളം മേക്കല്ലൂർ റോഡ്, എസ് സി വിഭാഗത്തിൽ അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ച് കൊടുന്പ് ചക്കിങ്കർപ്പള്ള റോഡ്, പുതുപ്പരിയാരം കാവിൽപ്പാട് മാങ്ങോട് റോഡ് എന്നിവയാണ് റീ ടാറിംഗ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
Tags : nattu vishesham Re-tarring eight roads