മല്ലപ്പള്ളി: മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആലിന്റെ മുത്തച്ഛൻ റെജി ശാമുവൽ. വേർപാടിന്റെ വേദന ഒരിക്കലും മാറില്ലെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ ആശ്വാസം പകരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അവയവദാനത്തെ രാജ്യം ശ്രദ്ധിച്ചുവെന്നത് വലിയ കാര്യമാണ്. മറ്റുള്ളവർക്കും അത് മാതൃകയാകട്ടെ. പ്രധാനമന്ത്രി നേരിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വീട്ടിലേക്ക് അയച്ച് രാജ്യത്തിന്റെ ആദരം അർപ്പിച്ചിരുന്നു. അവയവദാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ജനങ്ങൾ ഏറ്റെടുക്കണമെന്ന ആശയം ഉയർന്നത് നല്ല കാര്യമാണ്. കുടുംബത്തോടൊപ്പം നിന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള നന്ദി അറിയിക്കുന്നതായും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ റെജി ശാമുവൽ പറഞ്ഞു.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിനിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം തീരുമാനിച്ചതിലൂടെ നാല് കുട്ടികൾക്കാണ് പുതുജീവൻ ലഭിച്ചത്.