പാലക്കാട്: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ എഡിഎം കെ. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. 26ന് രാവിലെ ഒന്‍പതിന് കോട്ടമൈതാനത്താണ് ആഘോഷപരിപാടികള്‍ നടക്കുക.
എആര്‍ പോലീസ്, കെഎപി, ലോക്കല്‍ പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ ട്രെയിനികള്‍, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരേഡ് സംഘടിപ്പിക്കാന്‍ എആര്‍ ക്യാമ്പ് കമാന്‍ഡറെ ചുമതലപ്പെടുത്തി. പരേഡിന്റെ പരിശീലനം 22, 23, 24 തീയതികളില്‍ നടക്കും.
ആഘോഷത്തിന്റെ ഭാഗമായി കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിക്കാന്‍ യോഗം നിര്‍ദേശം നല്കി. വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. വേദിയുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ പൊതുമരാമത്തു വകുപ്പിനെ ചുമതലപ്പെടുത്തി. ദേശീയപതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എഡിഎം അറിയിച്ചു. കോട്ടമൈതാനം ശുചീകരിക്കുന്നതിനു നഗരസഭയെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പോലീസിനെയും ഫയര്‍ ഫോഴ്സിനെയും ചുമതലപ്പെടുത്തി.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags : Republic Day nattuvishasham local news