തലശേരി: റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ രണ്ടാംദിനം പയ്യന്നൂര്‍ ഉപജില്ലയുടെ മുന്നേറ്റം. 747 പോയിന്റുകള്‍ നേടിയാണ് പയ്യന്നൂരിന്റെ കുതിപ്പ്. തൊട്ടുപിറകില്‍ 688 പോയിന്റുമായി തളിപ്പറമ്പ് നോർത്ത് രണ്ടാംസ്ഥാനത്തും 665 പോയിന്റുമായി ഇരിട്ടി മൂന്നാം സ്ഥാനത്തുമുണ്ട്.സ്കൂള്‍ തലത്തില്‍ 276 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്തുണ്ട്.
266 പോയിന്റുമായി മമ്പറം എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 232 പോയിന്റുമായി കൂടാളി എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. ശാസ്ത്ര മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് നിര്‍വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ് അധ്യക്ഷയായി. ഡിഇഒ ഡി. ഷൈനി, എ.കെ. വിനോദ് കുമാര്‍, ഇ.ആര് ഉദയകുമാരി, എ. വിനോദ് കുമാര്‍, ഇ.സി. വിനോദ്, ആര്. സരസ്വതി, റിയാസ് ചാത്തോത്ത്, വികാസ് എന്നിവർ പ്രസംഗിച്ചു.
ഐടി മേളയിൽ ഗ്രാഫിക്സ് ആർട്ടിസ്റ്റ്
ഐടി മേളയിൽ കുട്ടികളുടെ ഹരമായ എഡ്യുടെയിൻമെന്റ് സോഫ്റ്റ്വേറായ ജി കോംപ്രിസിന്റെ കോ മെയ്ന്ററും സോഫ്റ്റ്വേറിന്റെ പ്രധാന ഡെവലപ്പറുമായ ഫ്രഞ്ച് ഗ്രാഫിക്സ് ആർട്ടിസ്റ്റ് ടിമോത്തെ ജിറ്റിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
ടിമോത്തെ ജിയറ്റിന് ജി കോംപസ് കൂടാതെ മറ്റൊരു മലയാളി ബന്ധവുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഫ്രീ സോഫ്റ്റ്വേർ കൺസൾട്ടന്റും എംബെഡ്സ് സിസ്റ്റം എൻജിനിയറുമായ കെ.കെ. ഐശ്വര്യ കണ്ണൂർ സ്വദേശിനിയാണ്. പഠനകാലത്ത് ഐടി @ സ്കൂൾ പ്രോജക്ടിലൂടെ കിട്ടിയ സന്ദേശമാണ് ജീവിതത്തിലും സ്വതന്ത്ര സോഫ്റ്റ്വേർ രംഗത്ത് ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ജിയറ്റിന്റെ കൂടെ സ്റ്റേറ്റ് ഓഫീസ് സന്ദർശിച്ച വേളയിൽ കൈറ്റ് സിഇഒ അൻവർ സാദത്തുമായുള്ള കൂടിക്കാഴ്ചയിൽ ഐശ്വര്യ വ്യക്തമാക്കിയിരുന്നു.
11 ഇനങ്ങള്‍ പുതിയതായി ഇടം പിടിച്ചു
ഇത്തവണത്തെ ജില്ലാ ശാസ്ത്ര മേളയില്‍ പുതുതായി 11 ഇനങ്ങള്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 10 ഇനങ്ങള്‍ ഒഴിവാക്കിയാണ് പകരം പുതിയ 11 ഇനങ്ങൾ കൂട്ടിച്ചേര്‍ത്തത്. എല്‍പി, യുപി വിഭാഗത്തിലെ പനയോല ഉത്പന്ന നിര്‍മാണം, വല നിര്‍മാണം, ചോക്ക് നിര്‍മാണം എന്നിവ ഒഴിവാക്കി. ഒറിഗാമി, പോട്ടറി പെയിന്റിംഗ്, പോസ്റ്റര്‍ സിസൈന്‍ എന്നിവ കൂട്ടിച്ചേര്‍ത്തു.
എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലെ ചന്ദനത്തിരി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പനയോല, തഴയോല, കുട, വോളിബോള്‍ നെറ്റ്, ചോക്ക് എന്നിവയുടെ നിര്‍മാണങ്ങളും ഇത്തവണയില്ല. പുതുതായി കാരി ബാഗ് നിര്‍മാണം, ഫൈബര്‍ ഫാബ്രിക്കേഷന്‍, നൂതനാശയ പ്രവര്‍ത്തന മോഡല്‍, ലോഹത്തകിടില്‍ ദ്വിമാന രൂപ ചിത്രണം, പോസ്റ്റര്‍ ഡിസൈനിംഗ്, പോട്ടറി പെയിന്റിംഗ്, കവുങ്ങിന് പോള കൊണ്ടുള്ള ഉത്പന്ന നിര്‍മാണം, ചൂരല്‍ ഉത്പന്ന നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി.
എഐ ട്രാഫിക് സെന്ററുമായി അഗത മേരി ജോണും അനന്യ മര്യയയും
ആധുനിക കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ട്രാഫിക് സെന്ററില്‍ ഉള്‍പ്പെടുത്താമെന്ന കണ്ടുപിടിത്തമായി മത്സരാര്‍ഥികള്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡലിലാണ് മണിടക്കടവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഗത മേരി ജോണും അനന്യ മര്യയയും ഇക്കാര്യം അവതരിപ്പിച്ചത്.
ഡ്രൈവറില്ലാത്ത സെന്‍സര്‍ വാഹനങ്ങള്‍ തിരക്കേറിയ നിരത്തില്‍ ഇറക്കാമെന്ന് കാണിക്കുന്നതാണ് ഇവരുടെ മോഡൽ. കൂടാതെ എഡ്യുക്കേഷണല്‍ ഇന്ഫ്രാസ്ട്രെക്ച്ചര്, എംപ്ലോയ്മെന്റ് ഓപ്പര്‍ച്ച്യൂണിറ്റീസ്, എന്‍വയണ്‍മെന്റ് ഫ്രന്റ്ലി സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ ട്രാഫിക് സെന്ററിന്റെ ഭാഗമാകുന്നുണ്ട്.
പുതിയ മാന്വൽ പരിഷ്കരണം തത്സമയം മത്സരങ്ങൾ
മാന്വൽ പരിഷ്കരണത്തിലൂടെ ശ്രദ്ധേയമായി ജില്ലാ സാമൂഹ്യ ശാസ്ത്രമേള. മത്സരങ്ങൾ പൂർണമായും തത്സമയമാക്കി എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രധാന പ്രത്യേകത. മൂന്ന് മണിക്കൂറിനുള്ളിൽ മത്സര ഉത്പന്നങ്ങൾ നിർമിക്കുന്ന രീതിയിലേക്ക് പരിഷ്കരിച്ചതോടെ മേളയ്ക്ക് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഭൂമിശാസ്ത്ര കൗതുകങ്ങൾ, ശാസ്ത്രീയ കൃഷി സംവിധാനം, കാലാവസ്ഥ, പ്രകൃതി ദുരന്തം എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുട്ടികൾ മത്സരങ്ങൾക്കായി ഏറ്റെടുത്തത്. രണ്ടു പേരുള്ള ടീം ആയാണ് മത്സരിച്ചത്. പരാതികളില്ലാതെ മേള സംഘടിപ്പിക്കാൻ ജില്ലാ സാമൂഹ്യ ക്ലബിന് കഴിഞ്ഞു.
ജില്ലാ സെക്രട്ടറി ബാബു ചേരൻ, ജോയിന്റ് സെക്രട്ടറി ഹരീഷ് കടവത്തൂർ, സബ് ജില്ലാ ഭാരവാഹികളായ സന്തോഷ് ഇല്ലോളിൽ, ഇ. പ്രവിത്ത, ഉമേഷ് കൊറോത്ത്, കെ.എം ദിലീഷ്, ഫാറൂഖ്, രാഘവൻ. കെ.വി ലീനശ്രീ, രാഗേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags : nattuvisheasham local