ചെറുതോണി: റോഡ് നിർമാണത്തിനായി വഴി തടസപ്പെടുത്തിയിട്ട് മാസങ്ങളായി. രണ്ട് കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത് പകുതി ദൂരം മാത്രമാണ്. ഇതിനിടെ കരാറുകാരൻ യന്ത്രങ്ങൾ സ്ഥലത്തുനിന്ന് കൊണ്ടുപോവുകയും ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം - കേശമുനി- തടിയമ്പാട് റോഡാണ് മൂന്നു വർഷത്തോളമായി നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്.
റീബിൽഡ് കേരളയിൽപ്പെടുത്തി ഭൂമിയാംകുളം മുതൽ കേശമുനി വരെ രണ്ട് കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനു രണ്ടുകോടി രൂപയാണ് അനുവദിച്ചിരുന്നത്.
മൂന്ന് വർഷത്തോളമായി മന്ത്രി റോഷി അഗസ്റ്റിൻ റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയിട്ട്. ടാർ ചെയ്തിരുന്ന റോഡ് മുഴുവൻ കുത്തിപ്പൊളിക്കുകയും ചെയ്തു. വാഹനങ്ങൾ സുഗമമായി സഞ്ചരിച്ചിരുന്ന റോഡിൽ ഇതോടെ കാൽനടയാത്ര പോലും സാധ്യമല്ലാതായി.
നാട്ടുകാർ നിരവധി സമരങ്ങൾ നടത്തുകയും ജില്ലാ കളക്ടർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുമെല്ലാം പരാതി നൽകുകയും ചെയ്തതോടെയാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. വളരെ കുറച്ച് യന്ത്രങ്ങളും തൊഴിലാളികളെയും ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 50 വർഷത്തെ ഉത്തരവാദിത്വത്തോടെയാണ് റോഡ് നിർമിക്കുന്നതെന്നാണ് പറയുന്നത്.
പഞ്ചായത്തു തെരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയ പാർട്ടി നേതാക്കൾ അഞ്ചു ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്ക് സംഭാവന ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക നൽകാൻ സാധ്യമല്ലെന്ന് കരാറുകാരൻ വ്യക്തമാക്കിയതോടെ നിർമാണം നിർത്തിവയ്ക്കാൻ അധികൃതർ നിദേശിച്ചതായും പറയുന്നുണ്ട്. സംഭവം വിവാദമായതോടെ നിർമാണം തുടരാൻ ആവശ്യപ്പടുകയായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പകുതി ദൂരം മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി 21 ദിവസം കഴിഞ്ഞ് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളു.
ഒരു ദിവസം പരമാവധി 25 മീറ്ററിൽ താഴെ മാത്രമേ റോഡ് നിർമാണം നടക്കുന്നുള്ളു. ഒരു വാഹനവും കടത്തിവിടാതെ റോഡ് പൂർണമായി അടച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച ഇവിടെ ഉണ്ടായിരുന്ന എല്ലാ യന്ത്രങ്ങളും വാഹനങ്ങളും സ്ഥലത്തുനിന്ന് കൊണ്ടുപോവുകയും ചെയ്തു.
മാസങ്ങളായി റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ രോഗികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ ജനങ്ങൾ വലിയ ദുരിതത്തിലായിരിക്കയാണ്. നിലവിൽ നിർമിച്ചിരിക്കുന്ന ഭാഗത്തെ റോഡിന്റെ ഗുണനിലവാരം പരിശോധിച്ചശേഷം മാത്രമേ പണികൾ ആരംഭിക്കുകയുള്ളുവെന്നാണ് അറിയാൻ കഴിയുന്നത്. നിർമാണം പുനരാരംഭിച്ചാലും പൂർത്തീകരിച്ച് വാഹനസഞ്ചാരത്തിനായി തുറന്നു കൊടുക്കണമെങ്കിൽ മാസങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും. മന്ത്രിയും ജില്ലാ കളക്ടറും ഇടപെട്ട് എത്രയും വേഗം റോഡിന്റെ പണികൾ പൂർത്തിയാക്കി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.