ഓട നിര്‍മാണത്തെ തുടര്‍ന്ന് തകര്‍ന്ന സെന്റ് ജോര്‍ജ് സ്കൂള്‍ -വൈരവണ്മുകള് റോഡ്.
അഞ്ചല്‍ : ഓട നിര്‍മാണത്തിനായി വെട്ടിപ്പൊളിച്ച പാത പിന്നീട് ഒന്നും ചെയ്യാതെ ബന്ധപ്പെട്ടവര്‍ മുങ്ങിയപ്പോള്‍ നാട്ടുകാര്‍ ദുരിതത്തിലായി. അഞ്ചല്‍ പഞ്ചായത്തിലെ സെന്റ് ജോര്‍ജ് സ്കൂള്‍ -വൈരവണ്മുകള് റോഡാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് പാതയില്‍ ഓട നിര്‍മാണം ആരംഭിച്ചത്.
ഇതിനായി ജെസിബി ഉള്‍പ്പടെയെത്തിച്ച് പാതയുടെ വശം കുഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഓട നിര്‍മാണം പൂര്‍ത്തികരിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തകർന്ന പാത അറ്റകുറ്റ പണികള്‍ നടത്താതെ പഞ്ചായത്ത് അധികൃതരും കരാറുകാരും മുങ്ങിയത്. നിലവില്‍ പൂര്‍ണമായും തകര്‍ന്ന പാതയിലൂടെ കഷ്ടിച്ച് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണു പോകുന്നത്.
വലിയ പാറകളും മറ്റും പാതയുടെ വശത്ത് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഒന്നും ഇതുവഴി എത്താറില്ല. സ്ഥിരമായി എത്തിയിരുന്ന സ്കൂള്‍ ബസുകള്‍ പോലും വരാതായതോടെ ഒന്നര കിലോമേറ്റര്‍ അപ്പുറം കുട്ടികളെ എത്തിച്ചു ബസില്‍ കയറ്റി വിടേണ്ട അവസ്ഥയാണിന്ന്. ആശുപത്രിയിലേക്കൊ മറ്റോ പോകാന്‍ ഓട്ടോറിക്ഷകള്‍ വിളിച്ചാല്‍ പോലും ഇവിടെക്ക് എത്താറില്ല. അധികൃതര്‍ക്ക് കുലുക്കമില്ലാതായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലും അമര്‍ഷത്തിലുമാണ്.
Tags : Local News Nattuvishesham Kollam