ശ്രീകണ്ഠപുരം: ഡിജിറ്റൽ സർവേ ഓഫീസ് ഉദ്ഘാടനത്തെ ചൊല്ലി ശ്രീകണ്ഠപുരത്ത് സജീവ് ജോസഫ് എംഎൽഎയുടെ പ്രതിഷേധം. 45 വർഷമായി ശ്രീകണ്ഠപുരത്തു പ്രവർത്തിച്ചിരുന്ന റീസർവേ ഓഫീസ് അടിസ്ഥാന സൗകര്യങ്ങളില്ലെന്നുപറഞ്ഞ് എതാനും മാസം മുമ്പ് മട്ടന്നൂരിലേക്ക് മാറ്റാൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ശ്രമിച്ചിരുന്നു.
സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രതിഷേധിച്ചതോടെ ഓഫീസ് മാറ്റം താത്കാലികമായി തടഞ്ഞു. സർവകക്ഷി യോഗം കൂടുകയും നഗരസഭ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാമെന്ന ഉറപ്പിന്മേൽ നഗരസഭാ ബസ് സ്റ്റാൻഡിന് മുകളിൽ സ്ഥലം നൽകുകയും ചെയ്തു.
ഇന്നലെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഡിജിറ്റൽ സർവേ ഓഫീസ് പുനരാരംഭിക്കുന്നില്ലെന്നും ക്യാമ്പ് ഓഫീസ് ഉദ്ഘാടനമാണ് നടക്കുന്നതെന്നും മനസിലായത്. ശ്രീകണ്ഠപുരത്ത് റീസർവേ ഓഫീസ് പുനഃസ്ഥാപിക്കുമെന്നു പറഞ്ഞ് പറ്റിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടാണ് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
ഉദ്ഘടനത്തിനെത്തിയ എംഎൽഎയ്ക്കൊപ്പം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, കൗൺസിലർ വിജിൽ മോഹനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ എന്നിവർ ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
Tags : nattuvisheasham local