ശതാബ്ദി സമാപന സമ്മേളനത്തിന് മുഖ്യാതിഥിയായെത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് സ്വാഗതമരുളി എസ്ബി കോളജ് കാമ്പസില്‍ സ്ഥാപി
ചങ്ങനാശേരി: ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി സമാപനം 28ന് നടക്കും. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. 28ന് ഉച്ചകഴിഞ്ഞ് 3.30ന് കോളജിലെ കാവുകാട്ട് ഹാള്‍ ശതാബ്ദി സമ്മേളന സമാപനത്തിനു വേദിയാകും. ശതാബ്ദി സമാപനം ആഘോഷമാക്കാന്‍ കോളജ് മാനേജ്മെന്റ് വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ഉപരാഷ്ട്രപതിക്ക് സ്വാഗതമരുളുന്ന ബോര്‍ഡുകള്‍ കോളജ് കാമ്പസില്‍ സ്ഥാപിച്ചുകഴിഞ്ഞു.
1922 ജൂണ്‍ 22ന് പ്രവര്‍ത്തനംതുടങ്ങിയ കലാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ 2021 ജൂണ്‍ 19നാണ് തുടക്കംകുറിച്ചത്. 125 വിദ്യാര്‍ഥികളും ആറ് അധ്യാപകരുമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച കലാലയം ഇന്ന് കേരളത്തിലെ മികച്ച ഓട്ടോണമസ് കോളജാണ്. 1922ല്‍ മദ്രാസ് സര്‍വകലാശാലയുമായും 1938ല്‍ ട്രാവൻകൂര്‍ സര്‍വകലാശാലയുമായും 1967ല്‍ കേരള സര്‍വകലാശാലയുമായും അഫിലിയേറ്റ് ചെയ്യപ്പെട്ടു പ്രവര്‍ത്തിച്ച എസ്ബി കോളജ് എംജി സര്‍വകലാശാല രൂപീകരിക്കപ്പെട്ടതുമുതല്‍ ഈ സര്‍വകലാശാലയുടെ കീഴിലാണ്. 2014ല്‍ ഓട്ടോണമസ് പദവിയിലെത്തി.
2024-25വര്‍ഷം ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം എഫ്ഐയുജിപിക്കു (നാലുവര്‍ഷ യുജി പ്രോഗ്രാം) തുടക്കമിട്ടു. പുരുഷ കലാലയമെന്നറിയപ്പെട്ടിരുന്ന ഈ കലാലയത്തിലേക്ക് അതേവര്ഷംമുതല് ഡിഗ്രി ക്ലാസുകളിലേക്ക് പെണ്‍കുട്ടികളും എത്തിച്ചേര്‍ന്നു. കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നെന്ന ആശങ്ക ഉയരുന്ന ഈ കാലഘട്ടത്തിലും സെന്റ് ബര്‍ക്കുമാന്‍സ് കോളജിന്റെ ക്ലാസ് മുറികളിലും കാമ്പസിലും വിദ്യാര്‍ഥികള്‍ ഏറെ ആഹ്ലാദത്തോടെ എത്തുന്നു.
കോവിഡ്കാലമായതിനാല്‍ കേവലം അമ്പതു പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് 2021 ജൂണ്‍ 19ന് ശതാബ്ദിക്കു തുടക്കമിട്ടത്. ഇന്‍ഡോര്‍ സ്റ്റേറിയത്തില് ചേര്‍ന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദുവാണ് ശതാബ്ദി ദീപം തെളിയിച്ചത്.
തുടര്‍ന്ന് ഒന്നരലക്ഷത്തോളം ആളുകളെ ആകര്‍ഷിച്ച സംവിത് എക്സിബിഷന്, അന്താരാഷ്ട്ര പ്രശസ്തരായ പ്രഭാഷകരെ പങ്കെടുപ്പിച്ച് നടത്തിയ പ്രഭാഷണ പരമ്പര, പൂര്‍വവിദ്യാര്‍ഥി മഹാസംഗമം തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ കിര്‍ഫ് റാങ്കിംഗില്‍ അഞ്ചാംസ്ഥാനത്തും ദേശീയ റാങ്കിംഗില്‍ 56-ാംസ്ഥാനത്തും നിലകൊള്ളുന്ന എസ്ബി കോളജ് കേരളക്കരയുടെ അഭിമാനകലാലയമാണ്.
Tags : SB College nattuvishesham local news