നാദാപുരം: രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും, പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കൽപ്പത്തൂർ സ്വദേശി തട്ടാൻകണ്ടി ഉന്നതിയിലെ ദാമോദരൻ (62) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
ആറ് വർഷം കഠിന തടവും പതിനായിരം രൂപയുമാണ് ശിക്ഷ. വിവാഹ വീട്ടിൽ വച്ച് പ്രതി വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം വിദ്യാർഥിനി സ്കൂൾ അധ്യാപികയെ അറിയിക്കുകയും തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ പേരാമ്പ്ര പോലീസിൽ വിവരം കൈമാറുകയുമായിരുന്നു.
എസ്ഐ കെ. സജി അഗസ്റ്റിൻ, എഎസ്ഐ സി. ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ ഒന്പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Tags : Local News Nattuvishesham Kozhikode