കാസർഗോഡ്: കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിര്‍മാണം പൂര്‍ത്തിയാക്കിയ ഏഴ് സ്കൂൾ കെട്ടിടങ്ങള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി. പൈവളിഗെ നഗര്‍, പെര്‍ഡാല, ദേലംപാടി, അഡൂര്‍, പാണത്തൂര്‍, കാലിച്ചാനടുക്കം, കൊട്ടോടി ഗവ. സ്കൂളുകളിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായത്. ഇവയുടെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടക്കും.
ഇതോടെ ജില്ലയില്‍ പദ്ധതിയിലുൾപ്പെട്ട 85 സ്കൂളുകളില്‍ 54 ഇടങ്ങളിലും കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റര്‍ ടി. പ്രകാശന് പറഞ്ഞു. ഒരു കോടി മുതൽ അഞ്ചുകോടി വരെ രൂപയാണ് വിവിധ സ്കൂളുകളിൽ കെട്ടിടനിർമാണത്തിനായി അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക ഗുണനിലവാരത്തിലും വലിയ മുന്നേറ്റമുണ്ടാക്കുന്നതിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.