തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്കരണ ഗ്രേഡിംഗ് ആരംഭിച്ചു.മാലിന്യം വാതില്‍പ്പടി ശേഖരണ കവറേജ്, അജൈവ മാലിന്യശേഖരണ സംവിധാനങ്ങള്‍, ജൈവമാലിന്യ സംവിധാനം, ദ്രവമാലിന്യ സംസ്കരണം, സാനിട്ടറി മാലിന്യം, എന്‍ഫോഴ്സ്മെന്റ്, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, പ്രോജക്ട് നിര്‍വഹണം, പൊതുശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രേഡിംഗ്. ഫെബ്രുവരി പകുതിയോടെ നാല് ഘട്ടങ്ങളിലായി ഇതു പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ പ്രത്യേക സോഫ്റ്റ്വെയറില് ഗ്രേഡിംഗ് ഘടകങ്ങളുടെയും സൂചകങ്ങളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യാവലിക്കുള്ള ഉത്തരം തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ വിവരങ്ങളുടെ പരിശോധനയും ഫീല്‍ഡ്തല പരിശോധനയുമാണ്.പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ വിവര പരിശോധനയ്ക്കും ഫീല്‍ഡ്തല പരിശോധനയ്ക്കും പ്രത്യേകം സംഘങ്ങളുണ്ട്.
പഞ്ചായത്തിലും നഗരസഭയിലും വിലയിരുത്തിയ വിവരങ്ങള്‍ യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ അസിസ്റ്റന്റ് ഡയറക്ടറും അന്തിമമാക്കും. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്, ഹരിതകേരളം മിഷന്, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചേര്‍ന്ന് ജില്ലാതലത്തില്‍ വിവരങ്ങള്‍ അന്തിമമാക്കുന്നതാണ് മൂന്നാംഘട്ടം.
അവസാനഘട്ടം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗ്രേഡിംഗ് ലിസ്റ്റ് തദ്ദേശഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ശുചിത്വമിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംസ്ഥാനതല ഗ്രേഡിംഗ് കമ്മിറ്റി പരിശോധിച്ച് മാര്‍ക്ക് നിശ്ചയിക്കും.
കോര്‍പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. ആദ്യ മൂന്ന് റാങ്കുകളിലെത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരവും സമ്മാനിക്കും.
Tags : nattu visheshsam Sewage treatment