ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ രാത്രികാല അത്യാഹിതഒപിയില് രണ്ടുഡോക്ടര്മാരെയെങ്കിലും നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രി എട്ടുമുതല്‍ പിറ്റേന്നു രാവിലെ എട്ടുവരെയുള്ള സമയത്ത് ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഒപിയില്‍ മരുന്നിനെത്തുന്നവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരെയും കണ്‍സള്‍ട്ട് ചെയ്യാന്‍ ഒരു ഡോക്ടര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.
പനി, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്കൂടാതെ വിവിധ അപകടങ്ങളില്‍പ്പെട്ട പരിക്കേറ്റവര്‍ തുടങ്ങിയവരെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡ്യൂട്ടിയിലുള്ള ഒരുഡോക്ടര് നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്. ഇത് രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. മരുന്നുവാങ്ങാനെത്തുന്നവര്ക്ക് ഏറെ നേരം ക്യൂവില്‍ നിര്‍ക്കേണ്ടി വരുന്നതും ചികിത്സ വൈകുന്നതും തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാകുന്നതും പതിവാണ്.
ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയുള്ള അത്യാഹിത ഒപി സമയത്ത് നിലവില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. ഇഎന്‍ടി, അസ്ഥി, ഹെര്‍മറ്റോളജി വിഭാഗങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഓരോ ഡോക്ടര്‍ മാത്രമാണുള്ളത്. ഈ വിഭാഗങ്ങളിലും ഓരോ ഡോക്ടര്‍മാരെക്കൂടി നിയമിക്കേണ്ടത് അത്യാവശ്യമാണ്.
Tags : Local News Nattuvishesham Kottayam