വെള്ളറട: വെള്ളറട സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളറട ജംഗ്ഷനില്‍ തെളിവെടുപ്പുനടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പു പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞദിവസം ചൂണ്ടിക്കല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഘോഷയാത്രയിലെ ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. വെള്ളറട ജംഗ്ഷനിൽനടന്ന ഗാനമേളയ്ക്കിടെയുണ്ടായ ഗതാഗതം തടസം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐ അഭിജിത്തിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ആക്രമിച്ചുപരിക്കേൽപ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അഭിജിത്ത് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിനെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള തെളിവെടുപ്പും പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ അക്രമികള്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണു തെളിവെടുപ്പു നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സിവില്‍ പോലീസുകാരായ ദീപു, അഭിലാഷ്, സെലിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പു നടത്തിയത്.
Tags : nattu vishesham assault case SI