കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിക്കുന്നു. വലിയ എതിര്‍പ്പുള്ള പദ്ധതിയുമായി ഇനി സര്‍ക്കാര്‍ മുന്നോട്ടുപോകുമോയെന്ന കാര്യത്തിലാണ് ആശങ്ക. സിൽവർലൈനിൽ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നും എന്നാൽ പദ്ധതി ആകെ ഉപേക്ഷിക്കുന്നുവെന്നല്ല അതിനർഥമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന് മുന്‍പ് കോഴിക്കോട്ടെ "മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് ക്ഷീണമായതോടെ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത. പദ്ധതി നടപ്പിലായാല്‍ ജില്ലയിൽ രണ്ടായിരത്തിനു മുകളിൽ വീടുകൾ പൊളിക്കേണ്ടി വരുമെന്നും 12,000 പേർ കുടിയിറക്കപ്പെടുമെന്നാണ് അനൗദ്യോഗിക കണക്ക്.
ചേമഞ്ചേരി പഞ്ചായത്തിൽ മാത്രം 150 വീടുകൾ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണു കരുതുന്നത്. 33.97 ഏക്കർ നെൽവയൽ, 2.90 ഏക്കർ പൊക്കാളിപ്പാടം, അഞ്ചേക്കർ റബർ തോട്ടം, 25.30 ഏക്കർ പച്ചക്കറിത്തോട്ടം, 709 ഏക്കർ തെങ്ങിൻ തോപ്പ്, 776 ഏക്കറിലെ മറ്റു കൃഷിത്തോട്ടം എന്നിവയിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
സ്ഥലങ്ങളുടെ ആകാശ സർവേയാണു നടന്നത്. സിൽവർലൈനിനെതിരേ രൂക്ഷമായ പ്രതികരണമുണ്ടായ ജില്ലയാണ് കോഴിക്കോട്. ഈ പദ്ധതിക്കെതിരേ സംസ്ഥാനത്ത് തന്നെ ആദ്യത്തെ സമരം തുടങ്ങിയത് കാട്ടിലപ്പീടികയിലായിരുന്നു. സിൽവർലൈൻ വേഗ റെയിൽപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 2023ന് ശേഷം കാര്യമായ ഔദ്യോഗിക നടപടികളൊന്നുമുണ്ടായിട്ടില്ല. എന്നാൽ, പദ്ധതി ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാരോ കെ- റെയിലോ പ്രഖ്യാപിക്കാത്തത് കാരണം നാട്ടുകാർ ഭീതിയിൽത്തന്നെയാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം പിൻവലിച്ചിട്ടുമില്ല.
അതുകൊണ്ടു തന്നെ ഉടമകൾക്ക് ഭൂമി വിൽക്കാനോ പണയംവച്ച് വായ്പയെടുക്കാനോ സാധിക്കാത്ത സാഹചര്യമുണ്ട്. ഭൂമി പണയംവച്ച് വായ്പയെടുക്കാൻ ചെല്ലുന്നവരോട്, കെ-റെയിൽ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കാനാണ് ബാങ്ക് അധികൃതർ ആവശ്യപ്പെടുന്നതെന്ന് സിൽവർലൈൻ വിരുദ്ധ സമരസമിതി നേതാക്കള്‍ പറയുന്നു.
Tags : nattu vishesham Silverline affected by local election