കോട്ടയം: അക്ഷരനഗരിയിൽ വീണ്ടുമൊരു ചലച്ചിത്രമേള. കോട്ടയം രാജ്യാന്തര ചലചിത്ര മേള നാളെ മുതല്‍ 26 വരെ അനശ്വര തീയറ്ററില്‍ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണു ചലച്ചിത്ര മേള നടത്തുന്നത്. കാന്‍, വെനീസ് അടക്കം വിവിധ ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യന്‍ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞു നില്ക്കുന്ന മേളയില്‍ 35 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈത്യകം രേഖപ്പെടുത്തുന്ന എഴു ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
നാളെ വൈകുന്നേരം 4.45ന് അനശ്വര തിയറ്ററില്‍ മന്ത്രി വി.എന്‍. വാസവന് മേളയ്ക്കു തിരിതെളിക്കും. സംവിധായകന് എം.പി. സുകുമാരന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് എന്‍എഫ്ഡിസി പാക്കേജ് ഉദ്ഘാടനം ചെയ്യും. 78-ാം കാന്‍ ചലചിത്രമേളയില്‍ ജൂറി പ്രൈസ് നേടിയ സിറാത്ത് ആണ് ഉദ്ഘാടന ചിത്രം. കാനില്‍ ഗ്രാന്റ് പ്രീ നേടിയ സെന്റിമെന്റല്‍ വാല്യു ആണ് സമാപന ചിത്രം.
82-ാം വെനീസ് മേളയില്‍ പ്രദർശിപ്പിച്ച ബുഗോണിയ, റോട്ടര്‍ഡാം, ബുസാന്‍, ലോകാര്‍നോ, വെനീസ്, ഷാങ്ഹായ്, ടു സീസണ് ടൂ ട്രെയിഞ്ചേഴ്സ്, റിവര്‍ സ്റ്റോണ്‍ എന്നിവ ലോക സിനിമാ മേളയില്‍ അവതരിപ്പിക്കും. മലയാളത്തില്‍ കോട്ടയം സിനിമാ പൈതൃകം എന്ന വിഭാഗത്തില്‍ എഴു ചിത്രങ്ങളാണു പ്രദര്‍ശനത്തിനെത്തുന്നത്. ഇബ് ആണ് ഉദ്ഘാടന ചിത്രം. പ്രൈവറ്റ്, ഭൂതലം, നിഴലാം, ശേഷിപ്പുകള്‍, ദൈവത്താന്‍കുന്ന്, ഖുഡീസോ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
നവമലയാള സിനിമ വിഭാഗത്തില്‍ തീയറ്റര്‍, ആദി സ്നേഹത്തിന്റെ വിരുന്ന് മേശ, ചാവുകല്യാണം എന്നി ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. മറാത്തി ചിത്രങ്ങളായ നാല്‍ട്ടു, ജിപ്സി, ശ്യാംജി ആയി, ആത്മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെല്‍ഗാം, ഗാന്ധി താത്ത ചേട്ടു, ടായ്ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്ചര്, ഹിന്ദി സിനിമ കത്താള്‍ എന്നിവയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
ഓസ്കറില് മത്സരിക്കുന്ന ചിത്രങ്ങള്‍, ഐഎഫ്എഫ്കെയില് പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍, 2025ല്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങള്‍, ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍, പുതിയ മലയാള സിനിമകൾ അടക്കം മേളയില്‍ പ്രദര്‍ശനത്തിന് ഉണ്ടാകും. ദിവസവും വൈകുന്നേരം 4.45ന് ഓപ്പണ്‍ ഫോറം നടക്കും. സംവിധായകര്‍, എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍, നിരൂപകര്‍ അടക്കമുള്ളവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.
21ന് സംവിധായകന് അരവിന്ദന്റെ ഓര്‍മകള്‍ക്ക് ആദരം നല്കി ഓപ്പണ്‍ ഫോറം നടക്കും. 22ന് എഐ ഓവര്‍ റൂളിംഗ് ഇന്‍ സിനിമ, 23ന് എവിജിസിയെക്കുറിച്ച്, 24ന് ഫിലിം ഹെറിറ്റേജ് ഓഫ് കോട്ടയം, 25ന് ചലച്ചിത്രമേളകള്‍ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തല്‍ എന്നീ വിഷയങ്ങളില്‍ സംവാദം നടത്തും.
26ന് വൈകുന്നേരം 4.45ന് സമാപന സമ്മേളനം. പത്രസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ രക്ഷാധികാരി ജൂബിലി ജോയി തോമസ്, പ്രസിഡന്റ് സംവിധായകന് ജയരാജ്, സെക്രട്ടറി പ്രദീപ് നായര്‍, ട്രഷറര്‍ സജി കോട്ടയം, ജനറല്‍ കണ്‍വീനര്‍ വിനോദ് ഇല്ലമ്പള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രവേശന നിരക്ക്
മുതിര്‍ന്നവര്‍ക്ക് 700 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് 500 രൂപയുമാണ് പ്രവേശന നിരക്ക്. കോട്ടയം അനശ്വര തീയറ്ററിലും ഫെസ്റ്റിവല്‍ ഓഫീസായ പകല്‍ വീട്ടില്‍നിന്നും പാസ് ലഭിക്കും.
Tags : Local News Nattuvishesham Kottayam