അടൂര്‍: രണ്ട് കാറുകളും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് അഖിലേഷ് (30), കാര്‍ ഡ്രൈവര്‍ അനുരാജ് (34), എന്നിവര്‍ക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന ആലപ്പുഴ രാമങ്കരി സ്വദേശികളായ സുബിന് (40), പുളിമൂട്ടില്‍ നിതിന്‍ (40), ജിജോ സണ്ണി (44) എന്നിവര്‍ക്കും പെട്ടിഓട്ടോറിക്ഷാ ഡ്രൈവര്‍ മണക്കാല തുവയൂര്‍ നോര്‍ത്ത് അയണിവിളയില്‍ സുദര്ശനന് (67) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.20ന് മണക്കാല താഴത്തുമണ്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ശാസ്താംകോട്ട ഭാഗത്തുനിന്നെത്തിയ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വാഹനത്തിനൊപ്പം മറ്റൊരു കാറില്‍ എത്തിയതായിരുന്നു മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയും സംഘവും. പെട്ടിഒട്ടോയും ഇതേ ദിശയില്തന്നെയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാര്‍ അടൂരില്‍നിന്നു കടമ്പനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
Tags : nattu vishesham Six people injured