പൊരുന്നന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാഫലകം മന്ത്രി ഒ.ആർ. കേളു അനാച്ഛാദനം ചെയ്യുന്നു.
വെള്ളമുണ്ട: സ്മാർട്ട് റവന്യു ഓഫീസുകൾ വഴി ജനങ്ങൾക്ക് ഉറപ്പാക്കുന്നത് അത്യാധുനികവും സുതാര്യവുമായ സേവനങ്ങളാണെന്ന് റവന്യു മന്ത്രി കെ. രാജൻ. പൊരുന്നന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ ഉദ്ഘാടനം ഓണ്‍ലൈനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരത്തിലധികം വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ടായി.
റവന്യു വകുപ്പിലെ സേവനങ്ങൾ ഇന്ത്യക്ക് പുറത്ത് പത്തോളം രാജ്യങ്ങളിൽ ഓണ്‍ലൈനിൽ ലഭ്യമാണ്. വില്ലേജ് ഓഫീസർമാരിൽനിന്നു ലഭ്യമാക്കുന്ന 21 ഓളം സേവനങ്ങൾ ഇ സേവനങ്ങളാക്കി. സംസ്ഥാനത്ത് 623 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിലവിൽ വന്നു. 407 വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ അറ്റകുറ്റപ്പണികളിലൂടെ നവീകരിച്ച് സ്മാർട്ടാക്കി. 263 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
പട്ടയ മിഷൻ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. നാലര ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയുടെ നിയമാനുസൃത ഉടമാകാശം ഉറപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. സേവനങ്ങൾ സുതാര്യതയോടെയും സമയബന്ധിതമായും ജനങ്ങളിലെത്തിക്കുക സർക്കാർ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മാനന്തവാടി മണ്ഡലത്തിൽ മാത്രം 5000 ഓളം പേർക്ക് ഭൂരേഖ നൽകാൻ കഴിഞ്ഞു. ഡിജിറ്റൽ ഭൂസർവേ പ്രവർത്തനങ്ങൾ കൃത്യതയോടെ നടന്നുവരികയാണ്. പുഞ്ചരിമട്ടം ഉരുൾ ദുരന്തം അതിജീവിതർക്കുള്ള വീടുകളുടെ കൈമാറ്റം സുതാര്യമായി ക്രമീകരിക്കാൻ കഴിഞ്ഞത് സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും യോജിച്ച ഇടപെടലിന്റെ ഫലമാണ്. ജില്ലയുടെ വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല, ജില്ലാ പഞ്ചായത്ത് അംഗം പി. മുഫീദ തെസ്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്തു, പഞ്ചായത്ത് അംഗം കെ.കെ. മമ്മൂട്ടി മദനി, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ.സി.കെ. നജുമുദ്ദീൻ, ഷിജു അഗസ്റ്റിൻ, പുഷ്പലത, പി.കെ. മമ്മൂട്ടി ആരാം, അനിൽ വള്ളുവക്കണ്ടി, ദീപു ജയിംസ്, എം.ടി. ഇബ്രാഹിം, അസീസ് കൊടക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad