ചപ്പാരപ്പടവ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ എളമ്പേരംപാറയിൽ കിൻഫ്രാ കോമ്പൗണ്ടിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കിവിട്ടതിനു സോഫ്റ്റ് ഡ്രിങ്ക്സ് നിർമാണ കമ്പനിയായ നാറ്റ ന്യൂട്രിക്കാ കോക്കനട്ട് പ്രോഡക്ടസ് എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സ്ഥാപനത്തിന്റെ ഉള്ളിൽ ജെല്ലി കഴുകിയ ശേഷമുള്ള മലിനജലം തറയിൽ കെട്ടിക്കിടന്നു ഭിത്തി വഴി ലീക്ക് ചെയ്ത് പിന്നിലെ പൊതുറോഡിലെ ചാലിലൂടെ ഒഴുക്കി പോകുന്നതായാണ് കണ്ടെത്തിയത്. ഇത് പ്രദേശത്ത് ദുർഗന്ധം പരത്തുന്നതായും മലിനജലം ചാൽ വഴി പൊതുറോഡിന് വശത്ത് കൂടെ ഒഴുകി താഴെ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്നതായും വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
കൂടാതെ, സ്ഥാപനത്തിന്റെ മലിനജലടാങ്ക് ഓവർഫ്ലോ ചെയ്തു മലിനജലം തത്സമയം ടാങ്കിൽനിന്ന് പുറംതള്ളുന്നത് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. പിഴയ്ക്കു പിന്നാലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാൻ ഉടൻ തന്നെ നടപടികൾ സ്വീകരിക്കാനും സ്ക്വാഡ് നിർദേശം നൽകി. കിൻഫ്രാ കോമ്പൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇക്കോ സ്റ്റിക്ക്സ് എന്ന സ്ഥാപനത്തിൽനിന്നും മാലിന്യങ്ങൾ കൂട്ടിയിട്ടതിന് 5000 രൂപ പിഴ ഈടാക്കി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി. പി.അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചപ്പാരപ്പടവ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.