പെരിന്തൽമണ്ണ: മാനസിക വൈകല്യമുള്ള പത്താംക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ-പട്ടാന്പി റോഡിലെ ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്. പെരിന്തൽമണ്ണയിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് ഇയാൾ ചികിത്സ നടത്താൻ എത്തുന്നത്. 2024 ഒക്ടോബറിൽ കുട്ടിയുടെ മാതാവിന്റെ മാതാവ് ആണ് ആദ്യമായി കുട്ടിയെ പെരിന്തൽമണ്ണയിലെ ചികിത്സയ്ക്ക് കൊണ്ടുവന്നത്.
തുടർചികിത്സക്ക് കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാംനിലയിലെ റൂമിൽ നിന്ന് കുട്ടിയെ രണ്ടാം നിലയിലെ റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് അഞ്ച് തവണ പ്രതിയിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നു. പിന്നീട് പെണ്‍കുട്ടി സ്കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്താണ് സ്കൂളിലെ കൗണ്‍സിലർക്ക് വിവരം കൈമാറിയത്.
തുടർന്ന് പാലക്കാട് ചൈൽഡ് ലൈനിൽ വിവരം ലഭിച്ചു. ഇതിനുശേഷം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി.
Tags : Local News Nattuvishesham Malappuram