വടക്കഞ്ചേരി: ഗ്രാമപഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുകളെല്ലാം പൂർത്തിയായപ്പോൾ വടക്കഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസിന്റെ സർവാധിപത്യം. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പാണ് ഇന്നലെ എല്ലാവരും ഉറ്റുനോക്കിയിരുന്നത്.
ഈ കമ്മിറ്റിയിൽ കോൺഗ്രസിനും സിപിഎമ്മിനും രണ്ടു പേർവീതവും ഒരംഗം ബിജെപിയുമാണ്. തെരഞ്ഞെടുപ്പിൽ നിന്നും ബിജെപി വിട്ടുനിന്നു. ഇതോടെ തുല്യവോട്ടു വന്നു. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ വാർഡ് 12 ചന്തപ്പുരയിൽ നിന്നുള്ള കോൺഗ്രസിലെ അംബിക ടീച്ചർ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യം വരണാധികാരി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ളിസൺ സി. ഡേവിഡ് പ്രഖ്യാപിച്ചു. നറുക്കെടുപ്പിൽ ഭാഗ്യവും ഒപ്പം നിന്നതോടെ പഞ്ചായത്തിലെ ഭരണസംവിധാനങ്ങളിൽ സമ്പൂർണ ആധിപത്യത്തിലായി കോൺഗ്രസ്.
മുന്നണികളിലെ മറ്റു ഘടകകക്ഷികളൊന്നുമില്ലാതെ കോൺഗ്രസ് ഒമ്പത്, സിപിഎം ഒമ്പത്, ബിജെപി മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി വാർഡ് 20 കുറുവായിയിൽ നിന്നുള്ള കോൺഗ്രസിലെ അമ്പിളി മോഹൻദാസും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി വാർഡ് ആറ് അഞ്ചുമൂർത്തിയിൽ നിന്നുള്ള കോൺഗ്രസിലെ ബി. മഞ്ജുളയും തെരഞ്ഞെടുക്കപ്പെട്ടു.
ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ -വിദ്യാഭ്യാസ കാര്യം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് ഗ്രാമപഞ്ചായത്തുകളിലുള്ളത്. ഇതിൽ വൈസ് പ്രസിഡന്റ് തന്നെയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും.
വാർഡ് 14 ഗ്രാമത്തിൽ നിന്നുള്ള കോൺഗ്രസിലെ ശശികല ടീച്ചറാണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പു മുതൽ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള ചെയർമാൻ തെരഞ്ഞെടുപ്പു വരെയുള്ള വിവിധഘട്ടങ്ങളിൽ ആകെ അടിതെറ്റിയത് സിപിഎമ്മിനാണ്.
ഫലപ്രഖ്യാപനദിവസംതന്നെ തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രൻ സി. പ്രസാദിനെ പ്രസിഡന്റ് സ്ഥാനം വാഗ്ദാനംചെയ്ത് സിപിഎം പാട്ടിലാക്കും മുമ്പെ കോൺഗ്രസ് ഒപ്പം നിർത്തി. സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇന്നലത്തെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകളും പിഴക്കാതെ സ്ഥാനങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു.
വോട്ടിംഗ് രീതികൾ മനസിലാക്കുന്നതിലെ പിഴവുകൾ മൂലം കമ്മിറ്റികളിൽ മതിയായ സ്ഥാനം പിടിച്ചെടുക്കാനാകാതെ സിപിഎം നഷ്ടപ്പെടുത്തി. ഈ പാകപ്പിഴവുകൾ ബിജെപിക്ക് ഗുണം ചെയ്തു. അവർ കമ്മിറ്റികളിൽ കയറിക്കൂടി എന്നതും ശ്രദ്ധേയമായി.