ആലപ്പുഴ: മാർച്ച് മാസത്തിൽ നടക്കുന്ന ഹയർ സെക്കൻഡറി പൊതുപരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളുടെ വാർഷിക പരീക്ഷയും ചില ദിവസങ്ങളിൽ ഒരേസമയത്തുവരുന്നത് ഹയർ സെക്കൻഡറിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പൊതു പരീക്ഷയിൽ സഹായിയെ ലഭിക്കാതെ പോകുമോ എന്ന് ആശങ്ക ഉളവാക്കുന്നു. പൊതുപരീക്ഷയിൽ ഹയർ സെക്കൻഡറി കുട്ടികൾക്ക് സഹായികളായിട്ട് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളെയാണ് എടുക്കാറുള്ളത്.
മാര്ച്ച് ആറിന് രാവിലെ ഹയർ സെക്കൻഡറി കുട്ടികൾക്ക് ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി വിഷയങ്ങളുടെ പരീക്ഷ നടക്കുന്ന സമയത്തുതന്നെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഒന്നാം ഭാഷ പേപ്പർ പരീക്ഷ ക്രമീകരിച്ചിരിക്കുന്നു. പത്താം തീയതി ചൊവാഴ്ച രാവിലെ ഹയർ സെക്കൻഡറി കുട്ടികൾക്ക് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യുണിക്കേറ്റ് ഇംഗ്ലീഷ് തുടങ്ങിയുടെ പരീക്ഷ നടക്കുന്ന സമയത്ത് ഒമ്പതിലെ കുട്ടികൾക്ക് ഒന്നാം ഭാഷ പേപ്പർ നടക്കും.
27ന് എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചയ്ക്കുശേഷം സാമൂഹ്യശാസ്ത്രം പരീക്ഷ നടക്കുമ്പോൾ ഹയർ സെക്കൻഡറി കുട്ടികൾക്ക് ഗണിതശാസ്ത്ര പരീക്ഷ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഹയർ സെക്കൻഡറിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് സഹായികളായി എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് എത്തിച്ചേരാനാകാത്ത സാഹചര്യം വന്നുചേരുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കും ഒരേസമയം പരീക്ഷ വരുന്ന ഈ ദിവസങ്ങളിൽ പരീക്ഷാ നടത്തിപ്പിനാവശ്യമായ ക്ലാസ് മുറികൾ ലഭ്യമാകാതിരിക്കാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അജു പി. ബഞ്ചമിൻ, സെക്രട്ടറി എസ്. റംലത് എന്നിവർ ആവശ്യപ്പെട്ടു.