മാവേലിക്കര: താമരക്കുളം തുളസി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കറ്റാനം, വെട്ടിക്കോട്, മോളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന് രാജുവിനെയാണ് ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായത്. താമരക്കുളം കണ്ണനാകുഴി താമരക്കുളം പഞ്ചായത്ത് 3-ാം വാര്‍ഡില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി(48)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി.
പ്രതിക്ക് സെക്ഷന്‍ 461 ഐപിസി പ്രകാരം രണ്ടു വര്‍ഷത്തെ കഠിനതടവും 2000 രൂപ പിഴയും പിഴയടച്ചില്ലങ്കില്‍ 20 ദിവസം കൂടികഠിനതടവും സെക്ഷന്‍ 392 ഐപിസി പ്രകാരം 10 വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും പിഴയടച്ചില്ലങ്കില്‍ 100 ദിവസം കൂടി കഠിനതടവും സെക്ഷന്‍ 201 ഐപിസി പ്രകാരം 7 വര്‍ഷത്തെ കഠിനതടവും 5000 രൂപ പിഴയും പിഴയടച്ചില്ലങ്കില്‍ 50 ദിവസം കൂടി കഠിനതടവും സെക്ഷന്‍ 302 ഐപിസി പ്രകാരം ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും പിഴയടച്ചില്ലങ്കില്‍ 3 വര്‍ഷം കൂടി കഠിനതടവും ശിക്ഷ വിധിച്ചു. കൊലപാതകം നടന്ന് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി വന്നത്.
2018 സെപ്റ്റംബര്‍ മാസം 22 തീയതിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ജെറിന് രാജു തുളസിയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നു 10,800 രൂപ മോഷ്ടി ക്കുന്നത് കണ്ടതാണ് കൃത്യം നടത്താൻ കാരണമായത്. കവര്‍ച്ച കണ്ട തുളസിയെ ഇയാള്‍ വായും മുഖവും പൊത്തിപ്പിടിച്ച് ഇടതുകൈകൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ചു.
തുടര്‍ന്ന് ഇവരുടെ കഴുത്തിലെ തൈറോയ്ഡ് കാര്‍ട്ടിലേജിന്റെ ഇടതുവശത്തെ തരുണാസ്ഥി ഉള്ളിലേക്ക് ഒടിഞ്ഞുപോവുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.
തുളസിയുടെ സാരിയെടുത്ത് മുറിയുടെ പടിഞ്ഞാറെ ഭിത്തിയില്‍ മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് അഴികളില്‍ ഒരറ്റം കെട്ടിയും മറ്റേയറ്റം മുറിയിലെ ആസ്ബറ്റോസ് ഷീറ്റ് ഫിറ്റു ചെയ്യുവാന്‍ ഘടിപ്പിച്ചിരുന്ന ജിഐ പൈപ്പിന്റെ മുകളില്‍ കൂടി താഴേക്കിട്ട് തുളസിയുടെ കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിച്ചപ്പോള്‍ വഴുതി താഴെ വീണ തുളസിയെ പ്രതി പൊക്കിയെടുത്ത് സാരിയുടെ ഒരറ്റം തുളസിയുടെ കഴുത്തില്‍ ചുറ്റിമുറുക്കി കെട്ടി തുളസിയെ കൊലപ്പെടുത്തുകയായിരുന്നു.
വള്ളികുന്നം എസ്ഐയും ഇപ്പോള്‍ വെണ്മണി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറുമായ അഭിലാഷ്. എം.സി രജിസ്റ്റര്‍ ചെയ്ത് പഴുതടച്ചു നടത്തിയ അന്വേഷണം പൂര്‍ത്തീകരിച്ച് വള്ളികുന്നം എസ്ഐയും ഇപ്പോള്‍ കണ്ണൂര്‍ ഇക്കണോമിക് ഒഫന്‍സ് വിങ്ങില്‍ ഡീറ്റെക്ടീവ് ഇന്‍സ്പെക്ടറായ ഡോ. അനീഷ് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. സന്തോഷ്കുമാര്‍ ഹാജരായി.
Tags : nattu vishesham Tamarakulam Tulsi murder