കാഞ്ഞങ്ങാട്: കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ മാറ്റങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ സംസ്ഥാനത്തെ കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിനായി കാര്യക്ഷമമായ സാങ്കേതികവത്കരണം നടപ്പിലാക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെഎടിഎസ്എ ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസീലിയന്റ് അഗ്രി-വാല്യൂ ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതി അഭിനന്ദനാർഹമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ബിജുരാജ് ഉദ്ഘാടനം ചെയ്തു. കെഎടിഎസ്എ സംസ്ഥാന പ്രസിഡന്റ് പി. ധനുഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. സിന്ധു അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ, പ്രസിഡന്റ് ജി. സുരേഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം എസ്.എൻ. പ്രമോദ്, പ്രസാദ് കരുവളം. എ.വി. രാധാകൃഷ്ണൻ, പി.പി. കപിൽ, കെ. രതീഷ് എന്നിവർ പ്രസംഗിച്ചു.
കൃഷി അസിസ്റ്റന്റുമാരുടെ റേഷ്യോ പ്രമോഷൻ 1:1:1 അനുപാതത്തിൽ നടപ്പിലാക്കണമെന്നും എല്ലാ കൃഷിഭവനുങ്ങളിലും അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസറുടെയും രണ്ടുവീതം അഗ്രികൾച്ചറൽ അസിസ്റ്റന്റുമാരുടെയും തസ്തികകൾ സൃഷ്ടിക്കണമെന്നും പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷൻ, എഫ്ഐബി, ഫാമുകൾ എന്നീ സ്ഥാപനങ്ങളിൽ കൂടി അസി. കൃഷി ഓഫീസർ തസ്തിക അനുവദിക്കണമെന്നും പൊതു സ്ഥലംമാറ്റത്തിന് സ്വതന്ത്ര സോഫ്റ്റ്വേർ നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. കൃഷി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച എ.വി. രാധാകൃഷ്ണൻ, കേരള സിവിൽ സർവീസ് പവർ ലിഫ്റ്റിംഗ് ജേതാവ് പി.വി. മുരളീകൃഷ്ണ ദാസ് എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: പി.വി. മുരളി കൃഷ്ണദാസ്-പ്രസിഡന്റ്, പി.പി. കപിൽ-സെക്രട്ടറി, എ. പദ്മനാഭൻ-ട്രഷറർ.