വെളളരിക്കുണ്ട്: തലശേരി അതിരൂപത പ്ലാറ്റിനം ജൂബിലിയുടെ മുന്നോടിയായി നടത്തപ്പെടുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷന് വെള്ളരിക്കുണ്ടിൽ ഒരുക്കങ്ങളാകുന്നു. 30, 31, ഫെബ്രുവരി 1, 2, 3 തീയതികളിലായി വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി അങ്കണത്തിലെ ബഥേൽ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലും നാൽപതംഗ ടീമുമാണ് കൺവൻഷൻ നയിക്കുക. എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ആരംഭിച്ച് രാത്രി 9.15 ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്ന് മാത്രമായി ഇരുപതിനായിരത്തിലേറെ പേർ കൺവൻഷനിൽ പങ്കെടുക്കാനെത്തുമെന്നാണ് വിലയിരുത്തൽ.
കൺവൻഷനായുള്ള പന്തലിന്റെ കാൽനാട്ടുകർമം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. സംഘാടകസമിതി രൂപീകരണ യോഗം മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. മോൺ. മാത്യു ഇളംതുരുത്തി പടവിൽ, റവ.ഡോ. മാണി മേൽവെട്ടം, റവ.ഡോ. ജോസഫ് പതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു. അഞ്ച് ഫൊറോനകളിൽ നിന്നുള്ള വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി രക്ഷാധികാരിയായും മോൺ. ആന്റണി മുതുകുന്നേൽ ജനറൽ കൺവീനറായും 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി കൺവീനറായി വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളവും ജോയിന്റ് കൺവീനർമാരായി മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തി പടവിൽ, ഫൊറോന വികാരിമാരായ ഫാ. ജോസ് തൈക്കുന്നുംപുറം, റവ.ഡോ. മാണി മേൽവെട്ടം, ഫാ. ജോസഫ് പൂവത്തോലി, ഫാ. ജോർജ് വള്ളിമല, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ എന്നിവരും പ്രവർത്തിക്കും.
Tags : nattu vishesham Bible Convention