ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചപ്പോൾ
പേരൂര്‍ക്കട: ജഗതി പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഒറ്റശേഖരമംഗലം കുറ്റിയാണിക്കാട് രുഗ്മിണി നിവാസില്‍ രാധാകൃഷ്ണന് നായരുടെ ഉടമസ്ഥതയിലുള്ള മാരുതി സെന്‍ കാറിനാണ് തീ പിടിച്ചത്.
ഇന്നലെ രാവിലെ പത്തിനാണ് സംഭവം. രാധാകൃഷ്ണനും ഭാര്യയും പാറശാലയിലെ ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു. ജഗതിയിലൂടെ സഞ്ചരിക്കുമ്പോള്‍ ബോണറ്റിന്റെ ഭാഗത്തുനിന്നു പുക ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. അല്‍പ്പസമയത്തിനകം കാറിന്റെ ബോണറ്റിലും അവിടെനിന്ന് ക്യാബിനിലേക്കും തീ പടരുകയായിരുന്നു. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് അനുമാനം.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍മാരായ രൂപേഷ്, അനീഷ്കുമാര്‍, സേനാംഗങ്ങളായ എം. ഷാഫി, അരുണ്‍, അനീഷ്, അഖില്‍, ബാബു, സുധിന്‍, ബിന്‍സി, രശ്മി എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. അഗ്നിബാധയെത്തുടര്‍ന്ന് പൂര്‍ണമായും കത്തിനശിച്ച കാര്‍ പിന്നീട് സംഭവസ്ഥലത്തുനിന്ന് നീക്കി.