അടൂരിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്കു നൽകിയ സ്വീകരണത്തിന് ജോസ് കെ. മാണി എംപി മറുപടി പറയുന്നു.
പത്തനംതിട്ട: കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണെന്ന് ജോസ് കെ. മാണി എംപി. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 2226 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുവദിച്ചത് വെറും 220 കോടി രൂപ മാത്രമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, ആസാം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം ആയിരക്കണക്കിന് കോടി രൂപയാണ് മാറ്റിവച്ചത്.
ക്ഷേമ പെൻഷനുകൾ എല്ലാ അർഹർക്കും എത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണ് പത്തനംതിട്ട പരിധിയിൽ മാത്രം ആന്മുള നിയമസഭാ മണ്ഡലത്തിൽ മാത്രം വിതരണം ചെയ്ത 630 കോടി രൂപയെന്ന് നേതാക്കൾ വ്യക്തമാക്കി.
ഒരു ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപ സാധ്യതയുള്ള പത്തനംതിട്ട ജില്ലയ്ക്കായി കേന്ദ്ര ബജറ്റിൽ ഒരു രൂപ പോലും മാറ്റിവച്ചിട്ടില്ലെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളോ കേന്ദ്ര പദ്ധതികളോ, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളോ ജില്ലയിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവർ ആരോപിച്ചു.
ജാഥാംഗം കെ.കെ. ശൈലജ, എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിൽ വർഗീയസംഘർഷങ്ങൾ ഒഴിഞ്ഞു: ജോസ് കെ. മാണി
അടൂർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഒരു വർഗീയ സംഘർഷവും ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫ് വികസനമുന്നേറ്റ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയും എന്നുള്ളതുകൊണ്ടാണ് യൂറോപ്യൻമാരടക്കം ഇവിടേക്ക് വരുന്നത്. കെഎസ്ആർടിസി ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, കെ.കെ. ഷൈലജ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, പ്രമോദ് നാരായൺ എംഎൽഎ, കെ.പി. ഉദയഭാനു, ഡി.സജി, എ.പി.ജയൻ, ആർ. ഉണ്ണികൃഷ് ണപിള്ള, ആർ. സനൽകുമാർ, അരുൺ കെ.എസ്. മണ്ണടി, പി.പി. ജോർജ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Jose K. Mani Local News Nattuvishesham Pathanamthitta