കോട്ടയം: നാളുകളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന നാട്ടകം-പാറേച്ചാല്‍ റോഡിലെ മാലിന്യങ്ങള്‍ നീക്കി. ഗ്രാമീണഭംഗി ആസ്വദിച്ച് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിരവധി പേര് എത്തിയിരുന്ന റോഡായിരുന്നു നാട്ടകം-പാറേച്ചാല്‍ ബൈപ്പാസ്.
പക്ഷേ, പിന്നീട് റോഡരികുകൾ കാടുമൂടിയതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയായുടെയും താവളമാവുകയും ചെയ്തു. ഇതോടെ പ്രഭാത -സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ എത്തിയിരുന്നവരും ബൈപ്പാസ് റോഡിനെ കൈവിട്ടു.
രാത്രികാലങ്ങളില്‍ ലോറികളില്‍ കക്കൂസ് മാലിന്യങ്ങളും കേറ്ററിംഗ് മാലിന്യങ്ങളും എത്തിച്ചു ബൈപ്പാസിലെ വിവിധയിടങ്ങളില്‍ തള്ളുന്നതു പതിവായി. കടുത്ത ദുര്‍ഗന്ധം മൂലം വഴിനടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുമായി. നിരവധി തവണ ഇവിടത്തെ മാലിന്യം തള്ളൽ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
വിവിധ കോണുകളില്‍നിന്നു പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടര്‍നടപടികളെടുക്കാന്‍ തീരുമാനമെടുത്തു. തുടർന്ന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ ബൈപാസ് റോഡിലെ മാലിന്യങ്ങള്‍ നീക്കി റോഡിലെ കാടും പടലും വെട്ടിനീക്കുകയുമായിരുന്നു.
പ്രധാന റോഡിലെ തിരക്കൊഴിവാക്കി നാട്ടകം, തിരുവാതുക്കല്‍, സിമന്റ് കവല, ഇല്ലിക്കല്‍, കുമരകം മേഖലകളിലേക്കു പോകുന്ന നുറൂകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡാണിത്.പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമായി മുമ്പു തണല്‍ മരങ്ങളും ഇല്ലി, മുള തുടങ്ങിയവയും നട്ടുപ്പിടിപ്പിച്ചിരുന്നു.
കൃത്യമായ പരിചരണം ഇല്ലാതായതോടെ ഇവയെല്ലാം നശിച്ചു. പ്ലാസ്റ്റിക്, ചില്ലുകുപ്പികള്‍, സ്നഗി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും നിരന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. കൃഷിയിറക്കുന്ന പാടശേഖരങ്ങളില്‍ മദ്യക്കുപ്പികള്‍ നിറഞ്ഞു.
സിസിടിവി കാമറകള്‍ പ്രദേശത്ത് ഇല്ലാത്തതും മാലിന്യം തള്ളല്‍ പതിവാകുന്നതിനു കാരണമായി. റോഡിലെ തണല്കണ്ട് വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിന്റെ കവറുകളും വെള്ളക്കുപ്പികളും തള്ളുന്നതും പതിവായിരുന്നു.
ഇവിടങ്ങളിലെ വഴിവിളക്കുകള്‍ തെളിയാത്തതും മാലിന്യനിക്ഷേപകര്‍ക്ക് സഹായകമായിരുന്നു. തൊഴിലാളികള്‍ ഇവിടെ നിരന്നുകിടന്ന മുഴുവന്‍ മാലിന്യങ്ങളും നീക്കി പ്രദേശം വൃത്തിയാക്കി. പ്രദേശത്തെ വഴിവിളക്കുകള്‍ തെളിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.