നവീകരണം പൂര്‍ത്തിയായ കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിന്റെ ഫലകം എം.കെ. മുനീര്‍ എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു.
ഉദ്ഘാടനം ചെയ്തത് ഓൺലൈനായി
കോഴിക്കോട്: ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ബാലുശ്ശേരി -കുറുമ്പൊയില്‍ -വയലട- തലയാട് റോഡ്, കുന്നമംഗലം മണ്ഡലത്തിലെ പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ്, മെഡിക്കല്‍ കോളജ് -കുറ്റിക്കാട്ടൂര്‍ റോഡ്, കൊടുവള്ളി മണ്ഡലത്തിലെ കാപ്പാട് -തുഷാരഗിരി- അടിവാരം റോഡ് തുടങ്ങിയവയാണ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി.
8.8 കോടി ചെലവിലാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി-കുറുമ്പൊയില്‍ -വയലട -തലയാട് റോഡ് നവീകരിച്ചത്. 5.3 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ച് മീറ്റര്‍ വീതിയിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഒന്‍പത് കലുങ്കുകള്‍, 1570 മീറ്റര്‍ ദൂരം ഓവുചാല്‍, ഐറിഷ് കോണ്‍ക്രീറ്റ് എന്നിവയോടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. സുരക്ഷ സംവിധാനങ്ങളായ റോഡ് മാര്‍ക്കിങ്, സുരക്ഷ ബോര്‍ഡ്, റോഡ് സ്റ്റഡ്, ക്രാഷ് ബാരിയറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കുറുമ്പൊയില്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ എം സച്ചിന്‍ദേവ് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. എം. ബിന്ദു, വി. വി. നൗഫല്‍, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ.കെ. മിഥുന്, അസി. എന്‍ജിനീയര്‍ ഷനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുന്ദമംഗലം മണ്ഡലത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. 1.75 കോടി രൂപ ചെലവില്‍ നവീകരിച്ച പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ് (3 കോടി) മെഡിക്കല്‍ കോളജ് -കുറ്റിക്കാട്ടൂര്‍ റോഡ് (4 കോടി) എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നിര്‍വ്വഹിച്ചത്.
പൂവാട്ടുപറമ്പ് അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജന്, ബ്ലോക്ക് മെമ്പര്‍ കെ.എം സിന്ധു, പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ജി അനൂപ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷാജി പുത്തലത്ത്, ഷാജി പനങ്ങാവില്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ ഹാഷിം, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ രഞ്ജി, അസി. എഞ്ചിനീയര്‍ ഷിജിത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാപ്പാട് -തുഷാരഗിരി-അടിവാരം റോന്ഡിന്റെ ഓമശ്ശേരി -കോടഞ്ചേരി ടൗണുകള്ക്കിടയിലുള്ള അമ്പലത്തിങ്ങല്‍, വേനപ്പാറ, പെരിവില്ലി, കാപ്പാട്ടുമ്മല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള 3.5 കി.മീ ദൂരമാണ് ഉദ്ഘാടനം ചെയ്തത്. ശിലാഫലകം എം കെ മുനീര്‍ എം എല്‍ എ അനാച്ഛാദനം ചെയ്തു. സംസ്ഥാന ബജറ്റില്‍ അനുവദിച്ച 6.56 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുകയും പത്ത് കലുങ്കുകളും ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശരാശരി 5.50 മീറ്റര്‍ വീതിയില്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ സുരക്ഷക്കായി റോഡ് മാര്‍ക്കിങ്ങുകള്‍, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡുകള്‍, ക്രാഷ് ബാരിയറുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ, വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന റഹ്മത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എം രാധാമണി, പി.വി. സാദിഖ്, പിഡബ്ല്യൂഡി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. അബ്ദുല്‍ സത്താര്‍,അസി. എന്‍ജിനീയര്‍ അഖില്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
Tags : Local News Nattuvishesham Kozhikode