പത്തനാപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പത്തനാപുരത്ത് മത്സരം പൊടിപാറുമെന്ന് ഉറപ്പായി. ഇരുമുന്നണികളും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും യുഡിഎഫും എൽഡിഎഫും മണ്ഡലത്തിൽ കളംനിറഞ്ഞ് കളിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥിയായി മന്ത്രി കെ. ബി. ഗണേഷ്കുമാർ തന്നെയാകും വീണ്ടും ജനവിധി തേടുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് ഗണേഷ്കുമാർ ആറാം അങ്കത്തിന് ഇറങ്ങുന്നത്.
മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും മന്ത്രി ഓടി എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. തുടർച്ചയായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ഗണേഷ്കുമാറിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.എൻഎസ് എസ്, എസ്എൻഡിപി നേതൃത്വങ്ങൾ തമ്മിലുള്ള പടലപിണക്കങ്ങളും വിധി നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല തന്നെയാകും ഇത്തവണയും ജനവിധി തേടാൻ സാധ്യത. കോൺഗ്രസ് നേതാക്കളായ സി. ആർ. നജീബിന്റെ പേരും അഡ്വ. എം. സാജുഖാന്റെ പേരും ആദ്യം ചർച്ചചെയ്യപ്പെട്ടുവെങ്കിലും അവസാന ലാപ്പിൽ ഒറ്റപ്പേരിലേക്ക് എത്തി തുടങ്ങി.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന ആർഎസ്പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു വച്ചതും ജ്യോതികുമാറിന്റെ വിജയത്തെ കുറിച്ചാണ്. കഴിഞ്ഞ തവണ ഗണേഷ്കുമാറിന്റെ ഭൂരിപക്ഷം പതിനായിരത്തോളം കുറച്ചെങ്കിൽ ഇത്തവണ ജ്യോതികുമാർ വിജയിക്കുമെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്.
മണ്ഡലത്തിൽ പലയിടത്തും ബൂത്ത് കൺവൻഷനുകൾ തുടങ്ങി കഴിഞ്ഞു. ചുമരുകളിൽ ചിഹ്നം വരച്ച് സ്ഥാനാർഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകരും. കഴിഞ്ഞ മാസം പത്തനാപുരത്ത് എത്തിയ ചാണ്ടി ഉമ്മനും ജ്യോതികുമാർ ചാമക്കാലയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
സോളാർ കേസ് ഇത്തവണയും മണ്ഡലത്തിൽ ചർച്ചയാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സോളാർ ഗൂഢാലോചന കേസ് മാറ്റി വെക്കണമെന്ന് ഗണേഷ്കുമാർ കോടതിയിൽ ആവശ്യപെട്ടിട്ടുണ്ട്. 25ന് ഇതിന്മേൽ കോടതിയിൽ വാദം നടക്കും. ഇക്കാര്യത്തിൽ കോടതി വിധി ഗണേഷ്കുമാറിന് എതിരായാൽ ഉമ്മൻചാണ്ടി വികാരം യുഡിഎഫ് ആളികത്തിക്കുമെന്നുറപ്പാണ്. നിലവിൽ ഇരു മുന്നണികളും സോഷ്യൽ മീഡിയ വഴി പ്രചാരണം തുടങ്ങിയിട്ടുണ്ട്.ജ്യോതികുമാർ ചാമക്കാല രാവിലെ ഏഴുമുതൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സജീവമാണ്. അതെ സമയം എൻഡിഎ സ്ഥാനാർഥിയായി അഖിൽ മാരാർ പത്തനാപുരത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
Tags : nattu vishesham fierce in Pathanapuram Ganesh Kumar and Jyothi Kumar