കട്ടപ്പന: 1964ലെ ചട്ടപ്രകാരം കൈവശ ഭൂമിക്കു പട്ടയം അനുവദിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും പട്ടയം ലഭിക്കാനുള്ള നിബന്ധന തടസമാകും. 1971 ഓഗസ്റ്റ് ഒന്നിനു മുന്പുള്ള കൈവശ ഭൂമിക്ക് പട്ടയം നല്കുന്നതിനാണ് കോടതി അനുമതി നല്കിയിരിക്കുന്നത്. ഇതനുസരിച്ച് പട്ടയത്തിന് അപേക്ഷ സ്വീകരിക്കാം.
അപേക്ഷകൻ 1971 ഓഗസ്റ്റ് ഒന്നിനു മുന്പുള്ള കൈവശക്കാരനാണെന്നു തെളിയിക്കുന്ന രേഖ (ഡോക്കുമെന്റ്) ഹാജരാക്കണമെന്നാണ് ഉത്തരവിലുള്ളത്. ഹാജരാക്കുന്ന രേഖയുടെ നിജസ്ഥിതി പട്ടയം നൽകാൻ അധികാരപ്പെട്ട (തഹസിൽദാർ) സാക്ഷ്യപ്പെടുത്തണം. 55 വർഷം മുന്പു ഭൂമി കൈവശത്തിലായിരുന്നെന്നു തെളിയിക്കാനുള്ള ഒരു രേഖയും കൈവശക്കാരന്റെ പക്കലുണ്ടാകില്ല എന്നതാണ് പ്രധാന പ്രതിസന്ധി. കൈവശ ഭൂമിക്ക് ഇതുവരെ ആധികാരിക രേഖകളൊന്നും ആരും നൽകിയിട്ടില്ല. 55 വർഷം മുന്പുള്ള റേഷൻ കാർഡോ കൃഷിവകുപ്പിൽനിന്നുള്ള രേഖകളോ ലഭ്യമാകില്ല.
റേഷൻകാർഡ് പരിഗണിച്ചാൽ ഭൂമിയുടെ കൈവശം തെളിയിക്കാനുമാകില്ല. ഇതുവരെ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശിപാർശ ചെയ്യുന്ന സ്ഥലത്തിനാണ് പട്ടയം അനുവദിച്ചിരുന്നത്. സ്ഥലത്തെ ദേഹണ്ഡങ്ങൾ പരിശോധിച്ച് ഭൂമിയുടെ കാർഷിക പഴക്കം കണക്കാക്കാൻ മാത്രമേ നിലവിൽ നിർവാഹമുള്ളൂ. ഇത് കോടതി ഉത്തരവിൽ പറയുന്നില്ല. ഇങ്ങനെ കൈവശത്തിന്റെ പഴക്കം നിർണയിക്കാൻ സർക്കാർ ഉത്തരവുണ്ടാകണം. അല്ലാത്തപക്ഷം ഒരു റവന്യു ഉദ്യോഗസ്ഥനും ഭൂമി 1971നു മുന്പുള്ള കൈവശമാണെന്നു സാക്ഷ്യപ്പെടുത്തില്ല.
വ്യക്തമായ സർക്കാർ ഉത്തരവ് ഉണ്ടായില്ലെങ്കിൽ നിജസ്ഥിതി സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ കുരുക്കിലാകുമെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
Tags : The court nattuvishesham local news