ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ തിരുനാളിന്റെ ഭാഗമായിനടന്ന തിരുസ്വരൂപം എഴുന്നള്ളിപ്പ്. തിരുനാളിനോടനുബന്ധിച്ച് ദേവാലയം ദീപപ്രഭയിൽ.
ചിറ്റാട്ടുകര: വിശ്വാസികളിൽ ആത്മീയപ്രഭചൊരിഞ്ഞ തിരുക്കർമങ്ങളോടെ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് നടന്നു. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ കമ്പിടി തിരുനാളിനോടനുബന്ധിച്ചാണു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ദേവാലയത്തിനു പുറത്തേക്ക് എഴുന്നള്ളിച്ചത്. ദേവാലയവും പരിസരവും ബഹുവർണ ദീപങ്ങളാലും വർണതോരണങ്ങളാലും വലിയ പിണ്ടികളാലും അലങ്കരിച്ച് മനോഹരമാക്കി.
ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ സമൂഹദിവ്യബലി, തിരുനാൾ പ്രസിദേന്തി വാഴ്ച, ഭക്തിനിർഭരമായ വേസ്പര എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനായി. ഫാ. ഡേവിസ് പുലിക്കോട്ടിൽ ജൂനിയർ, ചിറ്റാട്ടുകര പള്ളി വികാരി ഫാ. ജെയിംസ് വടക്കൂട്ട് എന്നിവർ സഹകാർമികരായി. തുടർന്ന് തിരുനാൾ ആഘോഷ കമ്മിറ്റി ഒരുക്കിയ ആകാശ വിസ്മയം വെടിക്കെട്ട് പ്രേമികൾക്ക് ആവേശം പകർന്നു. രാത്രി കുടുംബ കൂട്ടായ്മകളും സമുദായങ്ങളും നേതൃത്വം നൽകിയ ഭക്തിനിർഭരവും ആകർഷകവുമായ അമ്പു പ്രദക്ഷിണങ്ങൾ വാദ്യമേളങ്ങളോടെ ദേവാലയത്തിൽ സമാപിച്ചു.
തിരുനാൾ ദിനമായ ഇന്ന് ആഘോഷമായ തിരുനാൾ ഗാനപൂജയും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും അമ്പ് എഴുന്നള്ളിപ്പും ബാൻഡ് ഫെസ്റ്റും വർണമഴയും നടക്കും.
ട്രസ്റ്റിമാരായ എ.സി. ജെയിംസ്, ടി.വി. ആന്റോ, ജോഷി തോമസ്, ജനറൽകൺവീനർ പി.ഡി. ജോസ്, ജോയിന്റ്് ജനറൽ കൺവീനർ ആന്റണി ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റിജോ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.