അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയിറങ്ങും. പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്ന് മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.
രാവിലെ 5.15 മുതൽ വൈകുന്നേരം 5.30 വരെ തുടർച്ചയായി വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 10 ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 5.30ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം സംവഹിച്ച് പ്രദക്ഷിണം നടക്കും. വലിയപള്ളിക്ക് വലംവച്ചു നടത്തുന്ന പ്രദക്ഷിണത്തിനു ശേഷമാണ് തിരുസ്വരൂപ പുനഃപ്രതിഷ്ഠ.
വലിയപള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രൂപക്കൂട്ടിൽനിന്നു പുറത്തെടുക്കുന്ന തിരുസ്വരൂപം ആഘോഷമായി അൾത്താരയിലേക്ക് സംവഹിക്കും. പ്രത്യേക പ്രാർഥനകൾക്കു ശേഷം തിരുസ്വരൂപത്തിൽ അണിയിച്ചിരിക്കുന്ന പരമ്പരാഗത ആഭരണങ്ങൾ അഴിച്ചുമാറ്റും. തുടർന്ന് മദ്ബഹയിൽ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങുകളിൽ ആത്മീയ പിതാവ് ഫാ. ഏബ്രഹാം കാടാത്തുകളം, അസി. വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.
ആംഗ്യഭാഷയിലുള്ള വിശുദ്ധ കുർബാന ഇന്ന്
ബധിരരും മൂകരുമായ വിശ്വാസികൾക്കു വേണ്ടി ആംഗ്യഭാഷയിലുള്ള വിശുദ്ധ കുർബാന അർപ്പണം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ചെറിയപള്ളിയിൽ നടക്കും. ഫാ. ജോസഫ് തേർമഠം സിഎസ്ടിയാണ് ആംഗ്യ ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
2023ലാണ് അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് ബധിരരും മൂകരുമായ വിശ്വാസികൾക്കുവേണ്ടി ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. എല്ലാ വർഷവും വിവിധ ജില്ലകളിൽ നിന്നായി ഇരുനൂറിലേറെ വിശ്വാസികൾ സംബന്ധിക്കാറുണ്ട്.
Tags : Local News Nattuvishesham Kottayam