കടപ്പാറ കുഞ്ചിയാർപ്പതി മലയിൽ ഷിജിയുടെ വീട്ടിൽ നിന്നുള്ള രാത്രിമഴയുടെ ദൃശ്യം.
മംഗലംഡാം: അനുഗ്രഹ വർഷമായി മംഗലംഡാം മലയോരത്ത് ശക്തമായ മഴ. പൊൻകണ്ടം പൂതംകുഴി മലയിൽ അഞ്ചുദിവസമായി പടർന്നിരുന്ന കാട്ടുതീയ്ക്ക് മഴ മൂലം ശമനമായി.
ശനിയാഴ്ച രാത്രിയാണ് ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന മഴപെയ്തത്. കടപ്പാറ വെറ്റിലത്തോട്, വടക്കേമല, ചെമ്പൻകുന്ന്, വെള്ളാട്ടിരി ഭാഗം എന്നിവിടങ്ങളിലാണ് കാട്ടുതീ വ്യാപകമായിരുന്നത്.
രാപകൽ വ്യത്യാസമില്ലാതെ വനപാലക സംഘങ്ങൾ തീയണക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും തീ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി മഴയുണ്ടായത്.
മഴ വലിയ അനുഗ്രഹവും സഹായകവുമായെന്ന് തീയണക്കാൻ നേതൃത്വം നൽകിയിരുന്ന മംഗലംഡാം കരിങ്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം പറഞ്ഞു. ഭേദപ്പെട്ട മഴ ലഭിച്ചതിനാൽ കുരുമുളകു കൊടികൾക്കുൾപ്പെടെ കാർഷിക വിളകൾക്കും മലയോരത്ത് ഉണർവായിട്ടുണ്ട്.