കോട്ടയം: കോട്ടയം നഗരസഭയുടെ കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടഭീഷണിയില്‍. കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്നലെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു മൂന്നുപേര്‍ക്കു ജീവന് നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ പഴകിയ കെട്ടിടങ്ങളുടെ സ്ഥിതിയില്‍ ആശങ്ക ഉയരുകയാണ്. നഗരസഭയുടെ ഉടമസ്ഥതയില്‍ പഴയ ബോട്ടുജെട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കോംപ്ലക്സിലെ നഗരസഭാ റെസ്റ്റ് ഹൗസാണ് പൊളിഞ്ഞു വീഴാന്‍ തയാറായി നില്ക്കുന്നവയിൽ പ്രധാനപ്പെട്ടത്.
കഞ്ഞിക്കുഴിയിലുള്ള നഗരസഭയുടെ മാര്‍ക്കറ്റ് കെട്ടിടവും ഇതേ അവസ്ഥയിലാണ്. കോടിമത പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം, നഗരസഭയുടെ കുമാരനല്ലൂര്‍, നാട്ടകം മേഖലാ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. കുമാരനല്ലൂര്‍ മേഖലാ ഓഫീസില്‍ ഏതാനും നാള് മുമ്പ് കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു. ഈ ഓഫീസുകളില്‍ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവരും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഭീതിയോടെയാണ് കഴിയുന്നത്.
നിലംപൊത്താറായി നഗരസഭാ റെസ്റ്റ് ഹൗസ്
പഴയ ബോട്ടുജെട്ടി റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് കോംപ്ലക്സിലെ റെസ്റ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചിലയിടങ്ങളില്‍ ആല്‍മരം കിളിര്‍ത്തു നിൽക്കുന്നു. പല സ്ഥലങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പി തെളിഞ്ഞിട്ടുണ്ട്.
ചുവരില്‍ കാടും പടലും വളരുന്നു. ഏതുനിമിഷവും കെട്ടിടം നിലംപൊത്താം. വര്‍ഷങ്ങള്‍ പഴക്കുള്ള കെട്ടിടത്തിലെ മാര്‍ബിളും ടൈലുമെല്ലാം പൊട്ടിക്കീറി. കൂറ്റന്‍ വൃക്ഷങ്ങളുടെ വേരുകള്‍ കെട്ടിടത്തിനുള്ളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ട്. ഇതോടുചേർന്നുള്ള ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് നഗരസഭയുടെ കൃഷി ഓഫീസടക്കം പ്രവര്‍ത്തിക്കുന്നത്. ഉപയോഗശൂന്യമായ വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.
ചാക്കിലാക്കി മാലിന്യങ്ങളും തള്ളിയിട്ടുണ്ട്.
1960കളില്‍ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തുള്ളവരുടെ ഇഷ്ടകേന്ദ്രമായിരുന്നു റെസ്റ്റ് ഹൗസ്. സിനിമക്കാരും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഇവിടെ താമസിച്ചിരുന്നു. 70കളുടെ മധ്യത്തോടെ റെസ്റ്റ് ഹൗസിന്റെ പ്രതാപം നഷ്ടമായി തകര്‍ച്ച ആരംഭിച്ചു. റെസ്റ്റ് ഹൗസ് പൊളിച്ചുമാറ്റാന്‍ 2022ല്‍ നഗരസഭ തീരുമാനിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായിട്ടില്ല.
അറ്റകുറ്റപ്പണിയില്ലാത്തത് തകര്‍ച്ചയ്ക്കു കാരണം
പഠനം നടത്തി വന്‍തുക ചെലവഴിച്ചു കെട്ടിടങ്ങള്‍ നിര്‍മിക്കുമെങ്കിലും കാലാനുസൃതമായ അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതാണു കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നത്. തകര്‍ന്നുകിടക്കുന്ന നഗരസഭാ റെസ്റ്റ് ഹൗസ്, കഞ്ഞിക്കുഴി മാര്‍ക്കറ്റ് കെട്ടിടം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിട്ടു വര്‍ഷങ്ങളായി.
കെട്ടിടങ്ങള്‍ നിര്‍മിച്ചാൽ കുറഞ്ഞതു രണ്ടു വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും പെയിന്റ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ദീര്‍ഘനാള്‍ നിലനില്ക്കുകയുള്ളൂ. വര്‍ഷങ്ങള്‍ക്കുമുമ്പു മഴക്കാലം കഴിയുമ്പോള്‍ നഗരസഭാ കെട്ടിടങ്ങളിലെ ആലുകള്‍ പറിച്ചു കളയുന്നതിനു ടെന്‍ഡര്‍ വിളിച്ചു ജോലി നല്‍കുമായിരുന്നു. ആലുകള്‍ പറിച്ചു മണ്ണെണ്ണയൊഴിച്ചു നശിപ്പിച്ചുകളയുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ഇത്തരം ജോലികള്‍ ചെയ്യാറേയില്ല.
Tags :