പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് പൊൻകുന്നത്ത് സ്വീകരണം നൽകിയപ്പോൾ.
പൊൻകുന്നം: കേരളത്തിലെ ജനങ്ങൾക്ക് ആറു ലക്ഷം കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു കൊണ്ടാണ് പിണറായി സർക്കാർ വിടവാങ്ങാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുയുഗയാത്രയ്ക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിലക്കയറ്റമുള്ള നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ പത്തു വർഷത്തെ ഭരണംകൊണ്ട് കുടുംബങ്ങളുടെ ചെലവ് ക്രമാതീതമായി വർധിച്ചു. കെഎസ്ഇബി 50,000 കോടി കടത്തിലേക്ക് എത്തിപ്പെട്ടു. സർക്കാർ ആശുപത്രികളിൽ മരുന്നും ചികിത്സാസൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഗവേഷണാത്മകമായ ഗൃഹപാഠം ചെയ്ത് കേരളത്തെ രക്ഷിക്കുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവിൽ പണംകൊണ്ട് നിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷത്തെ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ അവസരം കാത്തിരിക്കുകയാണ്. കേരളത്തിൽ സർവ മേഖലകളെയും തകർത്തെറിഞ്ഞിരിക്കുകയാണ് പിണറായി സർക്കാർ. യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ആന്റോ ആന്റണി എംപി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ സി.വി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ ജിജി അഞ്ചാനി, ജോസഫ് വാഴയ്ക്കൻ, കെ.സി. ജോസഫ്, വി.പി. സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജോസഫ് എം. പുതുശേരി, ഫ്രാൻസിസ് ജോർജ് എംപി, ബെന്നി ബഹനാൻ, മോൻസ് ജോസഫ് എംഎൽഎ, നാട്ടകം സുരേഷ്, ഫിൽസൺ മാത്യുസ്, പി.എ. സലിം, അസീസ് ബഡായിൽ, റഫീഖ് മണിമല, നിഷാ സോമൻ, ബി.ആർ.എം. ഷെറീഫ്, ഫിലിപ്പ് ജോസഫ്, മുണ്ടക്കയം സോമൻ, ടി.എ. ഷിഹാബുദീൻ, ഷിൻസ് പീറ്റർ, പ്രഫ. റോണി കെ. ബേബി, ടി.കെ. സുരേഷ് കുമാർ, കെ.എൻ. നൈസാം, മനോജ് തോമസ്, പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, പി. സതീഷ് ചന്ദ്രൻ നായർ, അബ്ദുൾ കരീം, പി.എം. സലീം, സേവ്യർ മൂലകുന്ന്, ബിജു പത്യാല, അബ്ദു റസാഖ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖല
എൽഡിഎഫ് വെന്റിലേറ്ററിലാക്കി
ഈരാറ്റുപേട്ട: കഴിഞ്ഞ പത്തു വർഷത്തെ ഇടതുഭരണം കേരളത്തെ മുച്ചൂടും മുടിച്ചുവെന്നും ആരോഗ്യ മേഖല പൂർണമായും വെന്റിലേറ്ററിലായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്പർ വണ്ണായ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഓപ്പറേഷനു വിധേയരാകേണ്ടി വരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥയാണ്. ആരോഗ്യ സംവിധാനത്തെ പരിഷ്കരണങ്ങളിലൂടെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് യുഡിഎഫിന്റെ നയം. അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ ഏത്തുമെന്ന് ഉറപ്പ് നൽകുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
പോലീസ് സ്റ്റേഷന് മുൻവശം എത്തിച്ചേർന്ന ജാഥയെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബാന്റുമേളങ്ങളും ചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോൺ, ബെന്നി ബഹനാൻ എംപി, മുഹമ്മദ് ഷാ, മോൻസ് ജോസഫ് എംഎൽഎ, രാജു പി. നായർ, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, വി.എം. മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി.പി. നാസർ, സാബു പ്ലാത്തോട്ടം, പ്രകാശ് പുളിക്കൻ, അസീസ് ബഡായി, മുഹമ്മദ് ഹാഷിം, അനസ് നാസർ എന്നിവർ പ്രസംഗിച്ചു.