കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകുന്നു.
കൽപ്പറ്റ: ചൂരൽമല ദുരന്തമുഖത്തുനിന്ന് സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിച്ച കുടുംബത്തിന് കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ് അസോസിയേഷൻ സൗജന്യമായി നിർമിച്ചു നൽകിയ വീടും സ്ഥലവും രജിസ്റ്റർ ചെയ്ത് നൽകുന്നതിനുള്ള സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്റ്റർ ചിലവുകളും സർക്കാർ വഹിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരള പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിലെത്തിയാണ് സംഘടനാ ഭാരവാഹികൾ നിവേദനം നൽകിയത്. വിധവയും രണ്ട് മക്കളുമടങ്ങിയ സുമിത്ര സതീഷിന്റെ കുടുംബം ചൂരൽമലയിലെ സേട്ടുകുന്നിൽ മൂന്ന് സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക്ക് ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്.
സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഇവർ ഉൾപ്പെട്ടതുമില്ല. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ മരം വ്യാപാരികൾ കൽപ്പറ്റ-പനമരം ദേശീയപാതയോരത്ത് എരനല്ലൂരിൽ പത്ത് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി അടിസ്ഥാന സൗകര്യങ്ങളോടെ 980 ചതുരശ്രയടി വിസ്തൃതിയിൽ 36 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് വീട് നിർമിച്ച് കുടുംബത്തിന് സൗജന്യമായി നൽകിയത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വീടും സ്ഥലവും കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുക്കേണ്ടതുണ്ട്. അടുത്ത കാബിനറ്റ് യോഗത്തിൽ തീർപ്പാക്കുമെന്നും ദുരന്ത ബാധിതർക്ക് ഏത് വിധേനയുള്ള സഹായത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ കെ.സി.കെ. തങ്ങൾ, കെ.എ. ടോമി, വി.ജെ. ജോസ്, പി.എസ്. ബിജു, മനു ആശിഷ് എന്നിവർ അടങ്ങിയ സംഘമാണ് മന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്.
Tags : Local News Nattuvishesham Wayanad