തിരുവല്ല: തിരുവല്ല തിരുമൂലപുരത്ത് നടക്കുന്ന യുവജന സമാജത്തിന്റെ നേതൃത്വത്തിലുള്ള ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിനു തുടക്കമായി. തിരുവല്ല തിരുമൂലപുരത്തെ എംഡിഎം കൺവൻഷൻ സെന്ററിൽ തയാറാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് സംഗമം നടക്കുക. റാന്നിയിൽനിന്നു കൊണ്ടുവന്ന പതാകയ്ക്കും ചിങ്ങവനത്തുനിന്നു കൊണ്ടുവന്ന ഛായാചിത്രത്തിനും സമ്മേളനവേദിയിൽ സ്വീകരണം നൽകി.
ഫാ. ബിനു പയ്യനാട്ടിന്റെയും റാന്നി മേഖലാ നേതാക്കന്മാരുടെയും നേതൃത്വത്തിൽ എത്തിയ പതാക പ്രയാണത്തെ റവ. ഇമ്മാനുവൽ കുന്നുകണ്ടത്തിൽ സ്വീകരിച്ചു. ഫാ. ജിബി ജോസഫിന്റെയും ചിങ്ങവനം മേഖലാ നേതാക്കന്മാരുടെയും നേതൃത്വത്തിൽ ഛായാ ചിത്രപ്രചാരണം സമ്മേളന നഗറിൽ റവ. ഫാ. മാത്യു കവിരായിൽ ഏറ്റുവാങ്ങി.
തുടർന്ന് പതാക ഉയർത്തൽ, പ്രതിനിധി സമ്മേളനം എന്നിവ നടന്നു. കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഏലിയാസ് സഖറിയ പാറയിൽ, യുവജനസമാജം പ്രസിഡന്റ് ഫാ.സഖറിയ തോമ്പുമണ്ണിൽ, വൈദിക ട്രസ്റ്റി ഫാ. തോമസ് ഏബ്രഹാം കടപ്പനങ്ങാട്, റെജി പഴയപീടികയിൽ, ജോയി പള്ളിക്കപ്പറമ്പിൽ, അനിൽ കെ. മാത്യു കിടക്കേറ്റുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ വള്ളംകുളം മാർ ഏലിയാസ് തൃതീയൻ പള്ളിയിൽ രാവിലെ 6.30ന് പ്രഭാത പ്രാർഥന, ഏഴിന് കുർബാന, രാവിലെ 10.30 മുതൽ തിരുമൂലപുരം എംഡിഎം കൺവൻഷൻ സെന്ററിൽ കലാമത്സരങ്ങൾ. ഉച്ചകഴിഞ്ഞ് രണ്ടിന് വനിതാ സമ്മേളനം നടക്കും. മൂന്നിന് തിരുമൂലപുരം ടൗണിൽനിന്നു സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര നടക്കും. 3.30 ന് വിശ്വാസസംരക്ഷണ പൊതുസമ്മേളനം.
പരിശുദ്ധ പാത്രിയാർക്കിസ് ബാവയുടെ പ്രതിനിധി സിറിയൻ ഓർത്തഡോക്സ് സഭയിലെ യൂത്ത് അഫയേഴ്സ് ആൻഡ് ക്രിസ്ത്യൻ എഡ്യുക്കേഷൻ വികാരി ആർച്ച്ബിഷപ് മോർ ആൻഡ്രൂസ് ബാഹി അനുഗ്രഹ പ്രഭാഷണം നടത്തും.
Tags : Local News Pathanamthitta Nattuvishesham Knanaya Patriarch of Antioch