നിലയ്ക്കല്‍ സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നിലയ്ക്കല്‍ ക്ഷേത്രം നടപ്പന്തലില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
പത്തനംതിട്ട: നിലയ്ക്കല്‍ ആശുപത്രി മള്‍ട്ടി സ്പെഷാലിറ്റി നിലവാരത്തിലേക്ക് വികസിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നിലയ്ക്കല്‍ ക്ഷേത്രം നടപ്പന്തലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമഗ്രമായ ആധുനിക ട്രോമോ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്ററായിരിക്കും ആശുപത്രി. ഹെലിപ്പാട് തൊട്ടടുത്തായതിനാല്‍ രോഗികളെ പെട്ടെന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കാനാകും. ശബരിമല തീർഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷാലിറ്റി ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാപള്ളി, പമ്പാവാലി, അട്ടത്തോട് തുടങ്ങിയ വനമേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി ഏറെ സഹായകരമാകും. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകും.
എല്ലാവര്ക്കും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലം ആശുപത്രിക്കായി ലഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുണ്ടായതായും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൃത്യമായ ഇടപെടലിലൂടെയാണ് നിലവിലെ സ്ഥലം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സമീപ ഭാവിയില്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കി ആയുര്‍വേദ ചികിത്സ കൂടി സംയോജിപ്പിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
6.13 കോടി രൂപ ചെലവ്
6.12 കോടി രൂപ ചെലവഴിച്ചാണ് സ്പെഷാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പായാണ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷൻ, പോലീസ് ഹെല്‍പ്പ് ഡെസ്ക്, മൂന്ന് ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്, ഇസിജി റൂം, ഐസിയു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ് ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്സ്റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന് തിയേറ്റർ, സ്ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിർമാണോദ്ഘാടന യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പെരുനാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം.എസ്.ശ്യാംമോഹൻ, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ സി.എസ്. സുകുമാരൻ,
വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാർ, ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാർ, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവൻ, നിലയ്ക്കല്‍ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍ കെ. റെജി, ഊര് മൂപ്പന് നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.