പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ സംവിധാനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുനഃസ്ഥാപിക്കാൻ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇവ പുനഃസ്ഥാപിച്ച് ബി ആൻഡ് സി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാനുമാണ് നിർദേശം.
ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ ശോച്യാവസ്ഥയേ തുടർന്നാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംവിധാനങ്ങൾ പൂർണമായും കഴിഞ്ഞ ഓഗസ്റ്റ് മുതൽ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പുതിയ കെട്ടിടങ്ങൾ പണിയുന്നതിനാൽ ശസ്ത്രക്രിയ വിഭാഗങ്ങളും ഗൈനക്കോളജിയും മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ നിന്നു മാറ്റിയ അതേ നിലയിൽ തന്നെയാകും സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക. ഉപകരണങ്ങളടക്കം തിരികെ കൊണ്ടുവന്ന് പുനഃസ്ഥാപിക്കണമെങ്കിൽ സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. ഇതിനായി ടെൻഡർ അടക്കം അടിയന്തരമായി പുറപ്പെടുവിക്കുമെന്നാണ് സൂചന.
ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ കഴിഞ്ഞ ഓഗസ്റ്റോടെയാണ് പൂർണമായി കോന്നിയിലേക്ക് നീക്കിയത്. കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി സംവിധാനങ്ങൾ മീറ്റുന്നതിന് ജൂലൈ 18നു ചേർന്ന എച്ച്എംസി യോഗമാണ് അംഗീകാരം നൽകിയത്. ജൂണിൽ തന്നെ ആരോഗ്യവകുപ്പ് ഉത്തരവും നൽകിയിരുന്നു.
അതിനു മുന്പായി ജനറൽ സർജറി, ഓർത്തോപീഡിക്, ഇഎൻടി, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്, അനസ്തേഷ്യ വിഭാഗങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഒപി വിഭാഗം പത്തനംതിട്ടയിൽ നിലനിന്നിരുന്നതിനാൽ അതിനാവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിലനിർത്തി മറ്റുള്ളവരെയും കോന്നിയിലേക്ക് മാറ്റിയിരുന്നു.
കോന്നിയിലും പത്തനംതിട്ടയിലുമായി ഡോക്ടർമാർ ജോലിയെടുത്തു വരികയായിരുന്നു. നേരത്തെ 414 കിടക്കകളോടെ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയിൽ നിലവിൽ ഐപി വിഭാഗത്തിൽ പരിമിതമായേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. നിർമാണ പ്രവർത്തനങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഉദ്ഘാടനം നടത്തി സംവിധാനങ്ങൾ എത്തിച്ചാലും ആശുപത്രി പ്രവർത്തനം പഴയതുപോലെയാകാൻ ഇനി മാസങ്ങൾ വേണ്ടിവരും.
പൂർത്തീകരണം പിന്നാലെ, കെട്ടിടം തുറക്കും
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള കെട്ടിടങ്ങൾ എല്ലാം തുറക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്പേ കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം ആരോഗ്യമന്ത്രി നൽകി കഴിഞ്ഞു. ഈയാഴ്ച തന്നെ ഉദ്ഘാടനം നടക്കും. ക്രിട്ടിക്കൽ കെയർ, ഒപി ബ്ലോക്കുകളുടെ നിർമാണമാണ് ആശുപത്രി വളപ്പിൽ നടന്നുവരുന്നത്.
നബാർഡിൽ നിന്നു ലഭിച്ച 22.16 കോടി രൂപ വിനിയോഗിച്ചാണ് 31200 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 23.62 കോടിരൂപയുടെ എൻഎച്ച്എം ഫണ്ട് വിനിയോഗിച്ചാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം. 2022 ഫെബ്രുവരിയിൽ ഒപി ബ്ലോക്ക് നിർമാണത്തിന് അനുമതിയായെങ്കിലും തുടർ പ്രവർത്തനങ്ങൾ വൈകി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് നിർമാണം വേഗത്തിലായത്.
രണ്ടു നിലകൾ മാത്രമാണ് പൂർത്തീകരിക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണം എവിടെയുമെത്തിയിട്ടുമില്ല. 51000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. നാല് നിലകളുണ്ടാകണം. 2023ലാണ് ഭരണാനുമതി നേടിയെടുത്തത്. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല.
കെട്ട്, തേപ്പ്, പെയിന്റിംഗ്എല്ലാം ഒറ്റദിനത്തിൽ
ജനറൽ ആശുപത്രി കെട്ടിടം പൂർത്തിയാക്കാൻ ഒരേദിനം തന്നെ കെട്ടും തേപ്പും പിന്നാലെ പെയിന്റിംഗുമാണ് നടക്കുന്നത്. തറയിൽ ടൈൽ പാകുന്ന ജോലികളും ഇതിനൊപ്പം തുടങ്ങി. നാലുദിവസം കൊണ്ട് ഒപി ബ്ലോക്ക് സജ്ജമാക്കാനാണ് ശ്രമം. എന്നാൽ ഇത്തരത്തിലുള്ള നിർമാണ രീതിയിൽ പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വിഭാഗവും നിർമാണരംഗത്തെ വിദഗ്ധരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക മികവില്ലാതെയുള്ള നിർമാണം ഭാവിയിൽ അപകട സാഹചര്യങ്ങളൊരുക്കുമെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എ. സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്ററിംഗ് വേഗത്തിൽ അടർന്നു വീഴാനടക്കമുള്ളസാധ്യതകളും മുന്നിൽക്കാണണമെന്ന് സുരേഷ് കുമാർ പറഞ്ഞു.
20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, റിസപ്ഷൻ, വാർഡുകൾ, നിരീക്ഷണ മുറികൾ, ഫാർമസി, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയെങ്കിലേ കെട്ടിടം സജ്ജമാകൂ. ഇതിന് കുറഞ്ഞത് നാലുമാസത്തെ സാവകാശമെങ്കിലും വേണമെന്നാണ് പറയുന്നത്.
ബി ആൻഡ് സി ബ്ലോക്ക് നവീകരണം പൂർത്തിയാകുന്നു
ജനറൽ ആശുപത്രിയിലെ അത്യാവശ്യ സംവിധാനങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലാണ്. 80 ശതമാനം ജോലികളും പൂർത്തീകരി്ച. 5.5 കോടി രൂപയ്ക്കാണ് നവീകരണ ജോലികൾ നടക്കുന്നത്. എൻഎച്ച്എം ഫണ്ടുപയോഗിച്ചാണ് നവീകരണം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു കരാർ. കെട്ടിടത്തിന്റെ ചോർച്ച, ശൗചാലയങ്ങളുടെയും ഡ്രെയിനേജ് സംവിധാനത്തിന്റെയും നവീകരണം, ലിഫ്റ്റ് തുടങ്ങിയവയാണ് അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചത്. കാലപ്പഴക്കം അധികമില്ലെങ്കിലും നിർമാണത്തിലെ പോരായ്മ കാരണം കെട്ടിടം വേഗത്തിൽ തകർച്ച നേരിടുകയായിരുന്നു.
സിസിയു കെട്ടിടം വൈകും
ക്രിട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം പൂർത്തിയാകണമെങ്കിൽ തന്നെ ഇനിയും മാസങ്ങളെടുക്കും. കെട്ടിടം പൂർത്തിയായാൽ തന്നെ ഇവിടെ സംവിധാനങ്ങളൊരുക്കാൻ വീണ്ടും താമസം നേരിടും. എൻഎച്ച്എം ഫണ്ട് ലഭ്യമായതിനാൽ നിർമാണം തടസമില്ലാതെ നടന്നേക്കും. നാലുനിലകളാണ് കെട്ടിടത്തിനുള്ളത്. തുണുകൾ നിർമിച്ച് കോൺക്രീറ്റ് ചെയ്തുവെങ്കിലും മുറികൾ തിരിക്കുന്നതടക്കമുള്ള ജോലികൾ നടത്തണം.
താഴത്തെ നിലയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ട്രോമോ കെയർ അടക്കം സജ്ജമാകണം. ഐസലേഷൻ വാർഡ്, പ്ലാസ്റ്റർ റൂം, മൈനർ ഓപ്പറേഷൻ തിയറ്റർ, നഴ്സസ്, ഡോക്ടേഴ്സ് മുറികൾ, ഫാർമസി തുടങ്ങിയവയും ഈ കെട്ടിടത്തിലാണ്. ആർഎംഒ ഓഫീസ്, ഡയാലിസിസ് യൂണിറ്റ്, ഐസിയു, ഹൈ ഡിപ്പൻഡൻസിയൂണറ്റ് എന്നിവ ഒന്നാംനിലയിൽ സജ്ജമാകണം.
Tags : nattu vishesham The institutions transferred Medical College