കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ഡോക്ടറോട് ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും ജീവനക്കാരെ താക്കീത് ചെയ്തിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്ഡ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.മലപ്പുറം സ്വദേശിനിയായ വനിതാഡോക്ടർ, 2022 ഓഗസ്റ്റ് 17 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് സമർപ്പിച്ച പരാതിയിലാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിച്ചത്.
പ്രസവമുറിയിൽ തനിക്കൊപ്പം കൂട്ടിരിപ്പുകാരിയില്ലെന്ന പേരിൽ അവിടെ ചുമതലയുണ്ടായിരുന്ന ഒന്നാം വർഷ പി.ജി.ഡോക്ടറായ വനിത, വളരെ മോശമായ രീതിയിൽ തന്നോട് പെരുമാറിയെന്ന് രോഗിയായ ഡോക്ടർ കമ്മീഷനെ അറിയിച്ചു. പ്രസവമുറിക്ക് പുറത്ത് സർക്കാർ സർവീസിൽ ഡോക്ടറായ തന്റെ ഭർത്താവുണ്ടെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
പ്രസവമുറിയിൽ കൂട്ടിരിപ്പുകാരിയെ വേണമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചു.തന്നെ നിരന്തരം അപമാനിച്ചെന്നും മാനസികമായി തളർത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഡോ. മേനോൻ നളിനി ശേഖരൻ, ഡോ. ബി.കെ.അജിത എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. രോഗിയോട് അപമര്യാദയായി പെരുമാറിയതായും അതിന് സിസ്റ്റർ താക്കീത് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.
റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് അയച്ചു കൊടുത്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുകയോ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode