ഇടമൺ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വാളക്കോട് മേൽപ്പാലത്തിലൂടെയുള്ള യാത്ര ദുരിതപൂർണമായി തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ഇടുങ്ങിയ മേൽപ്പാലത്തിന് സമാന്തരമായി പാതയും കാൽനടയാത്രക്കാർക്കായി പ്രത്യേക നടപ്പാതയും നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പുകൾ ഇന്നും ജലരേഖയായി അവശേഷിക്കുകയാണ്.
കഴിഞ്ഞ വർഷം പി.എസ്. സുപാൽ എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പാലത്തിന്റെ ഇരുഭാഗങ്ങളിലും സമാന്തര പാത നിർമിക്കാൻ തീരുമാനമെടുത്തിരുന്നു.
ഇതിനായി റെയിൽവേ രണ്ടു കോടി രൂപ ചെലവഴിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്.എട്ടുവർഷം മുൻപ് കൊല്ലം-ചെങ്കോട്ട റെയിൽവേ ഗേജ് മാറ്റ സമയത്ത് പാലം പുനർനിർമിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും റെയിൽവേയും ദേശീയപാത വിഭാഗവും തമ്മിലുള്ള തർക്കം മൂലം അത് ഉപേക്ഷിക്കുകയായിരുന്നു.
ഗതാഗതക്കുരുക്ക്
നിലവിൽ ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയാണ് പാലത്തിനുള്ളത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു ചരക്ക് ലോറികളും അന്തർസംസ്ഥാന ബസുകളും നിത്യേന കടന്നുപോകുന്ന ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വാഹനങ്ങൾ നിയന്ത്രിക്കാനായി കഴിഞ്ഞ വർഷം മുതൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ശബരിമല സീസണിൽ അയ്യപ്പഭക്തർ മണിക്കൂറുകളോളം ഈ പാലത്തിൽ കുരുങ്ങി വലിയ ദുരിതമാണ് അനുഭവിച്ചത്.ടിബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വട്ടപ്പട, പാപ്പന്നൂർ വഴി ഇടമൺ സത്രം ജംഗ്ഷനിൽ എത്തിച്ചേരുന്ന സമാന്തര പാത പ്രയോജനപ്പെടുത്തിയാൽ വാളക്കോട്ടെ കുരുക്കിനു പരിഹാരമാകും.
ഈ വഴിയിലൂടെ വാഹനങ്ങൾ വൺവേയായി തിരിച്ചുവിട്ടാൽ മേൽപ്പാലത്തിലെ തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ അധികൃതർ ഈ നിർദേശത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്