അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാച്ചന്‍ ഉപയോഗിച്ചിരുന്ന മുറി.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് അര്‍ത്തുങ്കല്‍ ബസിലിക്കയിലെത്തുന്ന വിശ്വാസികള്‍ വിശുദ്ധ ചാവറയച്ചന്റെ സ്മരണകളുള്ള വിശ്രമമുറിക്കു മുന്നിലും അനുഗ്രഹങ്ങള്‍ തേടിയെത്താറുണ്ട്. വിശുദ്ധിയുടെ പരിമളം പരത്തിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് പൗരോഹിത്യം സ്വീകരിച്ചതും പ്രഥമദിവ്യബലിയര്പ്പിച്ചതും അര്‍ത്തുങ്കല്‍ ദേവാലയത്തിലാണ്.
അദ്ദേഹം താമസിച്ചിരുന്ന മുറി ഇപ്പോഴും ഏറെ പരിപാവനമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തിരുവസ്ത്രങ്ങളും ബലിപീഠത്തില്‍ ദിവ്യബലിക്കായി ഉപയോഗിച്ച കാസയും സക്രാരിയും കട്ടിലും പായയും കസേരയും ക്ലോക്കുമൊക്കെ മുറിയില്‍ കാണാം. അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ താമസിച്ച് ശുശ്രൂഷ ചെയ്തിരുന്ന കേരള സഭയുടെ അധ്യക്ഷനായിരുന്ന മെത്രാന് മൗറേലിയൂസ് സ്തബിലിനിയില്നിന്ന് 1829 നവംബര്‍ 29 നാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം സ്വീകരിച്ചത്.
ഇപ്പോഴത്തെ പഴയപള്ളിയുടെ അള്‍ത്താരയിലായിരുന്നു പ്രഥമ ദിവ്യബലി. ആലപ്പുഴ രൂപതയില്‍ ഉള്‍പ്പെട്ട പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് വൈദിക ശുശ്രൂഷയ്ക്കായി ആദ്യം നിയോഗിക്കപ്പെട്ടത്. അവിടെയായിരിക്കുമ്പോള്‍ പള്ളിപ്പുറം പള്ളിയിലും ശുശ്രൂഷയ്ക്കായി പോയിരുന്നു. ലത്തീന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും കുറച്ചുകാലം താമസിച്ചു. ഒത്തിരിയേറെ തീര്‍ഥാടകര്‍ വിശുദ്ധ ചാവറ അച്ചന്റെ മാധ്യസ്ഥം പ്രാര്ഥിക്കന്നതിനായും പഴയ പള്ളിക്ക് പുറകില്‍ ക്രമപ്പെടുത്തിയിരിക്കുന്ന മ്യൂസിയം സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരാറുണ്ട്.
Tags : The memories nattuvishesham lcoal news