സ്വകാര്യ ശേഖരത്തിലെ റേഡിയോകളോടൊപ്പം വി.ജെ എബി
നെയ്യാറ്റിന്‍കര : ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണുമൊക്കെ പ്രചാരത്തിലുണ്ടെങ്കിലും നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി വി.ജെ എബിക്ക് റേഡിയോകളോട് വല്ലാത്തൊരു ഹൃദയാഭിമുഖ്യമുണ്ട്.
വാല്‍വ് ചൂടായി വന്നതിനു ശേഷം പാട്ടു കേള്‍ക്കുന്ന റേഡിയോകള്‍ മുതല്‍ ടേപ്പ് റിക്കോര്‍ഡറുകള്‍ വരെ എബിയുടെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ചെറുതും വലുതുമായ നൂറോളം റേഡിയോകള്‍ മുറിയിലെ ഷെല്‍ഫില്‍ അടുക്കിവച്ചിട്ടുണ്ട്. പലതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതാണ് ശ്രദ്ധേയം.
പഴയ പ്രമുഖ കന്പനികളുടെ റേഡിയോകള്‍ക്ക് പുറമേ ആദ്യം വാങ്ങിയ ട്രാന്‍സിസ്റ്റര്‍, ക്രിസ്റ്റല്‍ റേഡിയോ, സ്പീഡോ മീറ്റര്‍ ഘടിപ്പിച്ച ജനറല്‍ ഇലക്ടിക്കല്‍ കന്പനിയുടെ റേഡിയോ എന്നിങ്ങനെ പുതുതലമുറയ്ക്ക് തികച്ചും അപരിചിതമായ ഒട്ടേറെ കൗതുക വിശേഷങ്ങള്‍ എബി പങ്കുവയ്ക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാട്ടുപെട്ടികള്‍ മുതിര്‍ന്ന തലമുറയെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത സമ്മാനിക്കുന്ന അനുഭവം.
റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമായ കാലമുണ്ടായിരുന്നുവെന്നതിന്റെ അടയാളം എബിയുടെ ശേഖരത്തിലെ മറ്റൊരു ഏട്. ഇന്നലെ ലോക റേഡിയോ ദിനം കടന്നുപോയി. റേഡിയോ ദിനത്തില്‍ മാത്രമല്ല, തിരക്കേറിയ ദിവസങ്ങളിലായാലും വീട്ടിലെ പാട്ടുപെട്ടികളുമായി അല്‍പ്പ നേരം ചെലവഴിക്കാന്‍ എബി സമയം കണ്ടെത്താറുണ്ട്.