ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരം.
പാലക്കാട്: ആധുനികസൗകര്യങ്ങളോടെ നിർമിച്ച ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരം നാടിനു സമർപ്പിക്കാനൊരുങ്ങുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ 7.31 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം യാഥാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന് സമീപമുള്ള 30 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, സാന്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന ഓഫീസുകൾ ഇവിടെ പ്രവർത്തിക്കും.
ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ലിഫ്റ്റ്, വിശാലമായ കോണ്‍ഫറൻസ് ഹാൾ, ലൈബ്രറി, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും എല്ലാ നിലകളിലും ശുചിമുറികളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.