വാഹന പ്രചാരണ ജാഥയുടെ സമാപനം പി.വി. അൻവർ ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: നൂറുകണക്കിന് മനുഷ്യരെ ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങൾക്ക് തിന്നാനും ചവിട്ടിക്കൊലപ്പെടുത്താനും വിട്ടുനൽകിയതാണ് കഴിഞ്ഞ ഒൻപതര വർഷത്തെ പിണറായി സർക്കാരിന്റെ സംഭാവനയെന്ന് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി.വി. അൻവർ.
ഈ സർക്കാർ ജനങ്ങളെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ വാർഷികങ്ങൾ കോടികൾ ചെലവഴിച്ച് ആഘോഷമാക്കുന്പോൾ ഈ നാട്ടിലെ പാവപ്പെട്ട കർഷകരടക്കമുള്ളവർക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃണമൂൽ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹന ജാഥയുടെ സമാപന സമ്മേളനം പുൽപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ, അബ്ദുൾ ഖാദർ മടക്കിമല, ഇ.സി. സനീഷ്, സി.പി. അഷ്റഫ്, ഹാരിസ് തോപ്പിൽ, വി.സി. സെബാസ്റ്റ്യൻ, ജോസഫ് ബത്തേരി, ബിജു പൂക്കൊന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക, മുണ്ടക്കൈ, ചൂരൽമല പുനരധിവാസം ഉടൻനടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വാഹന ജാഥ നടത്തിയത്.